രാരോത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ച്ച: ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് എം.എൽ.എ

താമരശ്ശേരി: പരപ്പന്‍പൊയില്‍ രാരോത്ത് ഗവ. മാപ്പിള ഹൈസ്‌കൂളിലെ കാലപ്പഴക്കംചെന്നതും ദ്രവിച്ചതുമായ സ്‌കൂള്‍കെട്ടിടത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാരാട്ട് റസാഖ് എം.എൽ.എ ആവശ്യപ്പെട്ടു. പൊളിഞ്ഞുവീഴാറായ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കിയ നടപടി ഗൗരവമുള്ളതാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ചപറ്റിയിട്ടുണ്ട്. ആറുമാസം മുമ്പ് താന്‍ ഉദ്ഘാടനംചെയ്ത പുതിയ സ്‌കൂള്‍കെട്ടിടത്തിലേക്ക് എന്തുകൊണ്ട് ക്ലാസ്മുറികള്‍ മാറ്റിയില്ല എന്നും ഇതിന് സാങ്കേതികമായ തടസ്സങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് തന്നെ അറിയിച്ചില്ല എന്നും എം.എൽ.എ ചോദിച്ചു. എല്ലാ മാസവും മണ്ഡലത്തിലെ ഉദ്യോഗസ്ഥരുടെ യോഗം ചേരാറുണ്ട്. ഈ മീറ്റിങ്ങുകളിലൊന്നും രാരോത്ത് സ്‌കൂളി​െൻറ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥരോ ബന്ധപ്പെട്ട പി.ടി.എ ഭാരവാഹികളോ ശ്രദ്ധയില്‍പെടുത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി സ്‌കൂളില്‍ കെട്ടിടം നിർമിക്കാന്‍ ഒരു കോടി രൂപ നേരേത്ത അനുവദിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രിയും ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സ്‌കൂളി​െൻറ വികസനം ത്വരിതഗതിയിലാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.