വന്ധ്യംകരിച്ച 24 നായ്ക്കൾ ഭക്ഷണവും വെള്ളവും കിട്ടാതെ ചത്തു

ബാലുശ്ശേരി: വട്ടോളി ബസാറിലെ കരുണ തെരുവുനായ് വന്ധ്യംകരണ യൂനിറ്റിൽ വന്ധ്യംകരിച്ച 24 നായ്ക്കൾ ഭക്ഷണവും വെള്ളവും മറ്റു പരിചരണങ്ങളും ലഭിക്കാതെ ചത്തൊടുങ്ങി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇവയെ വന്ധ്യംകരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് ഭക്ഷണവും വെള്ളവും കൊടുക്കേണ്ട ജോലിക്കാർ എത്തിയപ്പോഴേക്കും 20ഓളം നായ്ക്കൾ ചത്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇവറ്റകൾ മുഴുപ്പട്ടിണിയിലായിരുന്നു. 60ഓളം നായ്ക്കളിൽ ബാക്കിയുള്ളവയുടെ നില ഗുരുതരവുമാണ്. നാട്ടുകാർ വിജിലൻസിൽ പരാതി നൽകിയതിനെ തുടർന്ന് സംഘം പരിശോധന നടത്തി. ജഡങ്ങൾ പൂക്കോട് വെറ്ററിനറി കോളജിൽ പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. രണ്ടു ദിവസമായി ചത്തു കിടക്കുന്ന നായ്ക്കളുമുണ്ടെന്ന് കരുതുന്നു. ദുർഗന്ധം വമിക്കുന്നതിനാൽ തൊട്ടടുത്തുള്ള സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. വന്ധ്യംകരണത്തിന് വിധേയമായ ഓരോ നായ്ക്കും ഭക്ഷണത്തിനും മറ്റുമായി 1940 രൂപയാണ് നൽകിവരുന്നത്. സ്വകാര്യ ഏജൻസിയാണ് ഇത് ഏറ്റെടുത്ത് നടത്തുന്നത്. ഇത്രയും തുക ചെലവഴിച്ചിട്ടും മിണ്ടാപ്രാണികളോട് കാണിക്കുന്ന ക്രൂരതക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്തി​െൻറയും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സംയുക്ത പ്രോജക്ടായ കരുണ തെരുവുനായ് വന്ധ്യംകരണ യൂനിറ്റ് 2017 മാർച്ച് 21നാണ് പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വട്ടോളി ബസാറിൽ ഉദ്ഘാടനം ചെയ്തത്. മുമ്പ് 40ഓളം ചത്ത നായ്ക്കളെ വന്ധ്യംകരണ യൂനിറ്റിനു സമീപമുള്ള സ്ഥലത്ത് കുഴിച്ചിട്ടിട്ടുള്ളതായി ആരോപണമുണ്ട്. പല സ്ഥലത്തും മണ്ണ് കൂട്ടിയിട്ടാണ് മൂടിയതെന്ന് നാട്ടുകാർ പറയുന്നു. ഇത് തൊട്ടടുത്ത കിണറുകളിലെ വെള്ളത്തിൽ കലരാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.