യു.ഡി.എഫ് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക് നാടകമെന്ന് എൽ.ഡി.എഫ്

കടലുണ്ടി: കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോക്കും ഉപരോധവും സംഘടിപ്പിച്ചത് വെറും നാടകമാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. എം.എൽ.എ വി.കെ.സി. മമ്മദ്‌കോയയുടെ ഫണ്ടിൽനിന്ന് 2.74 കോടി രൂപയും പഞ്ചായത്ത് നീക്കിവെച്ച 22 ലക്ഷവും ഉപയോഗിച്ച് ജപ്പാൻ കുടിവെള്ള കണക്ഷൻ നൽകാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുവരുകയാണ്. 15.74 ലക്ഷം രൂപയുടെ പ്രവൃത്തികൾ ജല അതോറിറ്റി നടത്തിക്കൊണ്ടിരിക്കുന്നു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഗണിച്ച് വാഹനങ്ങളിൽ വരൾച്ച പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന് ടെൻഡർ വിളിക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് നടപ്പാക്കാതിരുന്ന ജപ്പാൻ കുടിവെള്ള പദ്ധതി ഇപ്പോൾ പ്രാവർത്തികമാക്കുന്നതിൽ യു.ഡി.എഫ് അംഗങ്ങൾ വിറളി പൂണ്ടിരിക്കയാണ്. പുതിയ വണ്ടി വാങ്ങുന്നതി​െൻറ പേരുംപറഞ്ഞ് പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്ക് നാടകം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് നടത്തുന്നത്. 12 വർഷം പഴക്കമുള്ള പഞ്ചായത്ത് വാഹനം രണ്ടര ലക്ഷം കി.മീറ്റർ ഓടിക്കഴിഞ്ഞു. മൈലേജ് വളരെ കുറവായി അടിക്കടി ഭീമമായ സംഖ്യ അറ്റക്കുറ്റപ്പണിക്കായി വേണ്ടിവരുന്നു. ഓടുന്ന സമയത്തുതന്നെ നിന്നു പോകുന്ന വാഹനം യാത്രക്കാർ ഇറങ്ങി തള്ളി സ്റ്റാർട്ടാക്കുന്നത് നിത്യസംഭവമാണ്. ഇതിനെ പരിഹസിച്ച് യു.ഡി.എഫ് അംഗങ്ങൾ തന്നെ നവമാധ്യമങ്ങളിൽ പോസ്റ്റിട്ട് രസിച്ചവരാണ്. പുതിയ വാഹനം ഈ ഘട്ടത്തിൽ അത്യാവശ്യമാണെന്നിരിക്കെ ഇപ്പോൾ നടത്തുന്ന പൊറാട്ട് നാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് യു.ഡി.എഫ് അംഗങ്ങൾ ഓർത്തിരിക്കണമെന്ന് എൽ.ഡി.എഫ് ഭരണസമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.