മാവൂർ പാടത്ത് തണ്ണിമത്തന് നൂറുമേനി വിളവ്

മാവൂർ: ചാലിയാർ തീരത്തെ മാവൂർ പാടത്ത് തുടർച്ചയായ അഞ്ചാം വർഷവും തണ്ണിമത്തൻ കൃഷിക്ക് നൂറുമേനി വിളവ്. മാവൂർ ആറ്റുപുറത്ത് നൊട്ടിവീട്ടിൽ മരക്കാർ ബാവയാണ് ജൈവവളം ഉപയോഗിച്ച് തുടർച്ചയായി തണ്ണിമത്തൻ വിളയിക്കുന്നത്. നാലുവർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കൃഷി വിജയിച്ചതിനെതുടർന്ന് തുടർവർഷങ്ങളിലും വിത്തിറക്കുകയായിരുന്നു. മൂന്ന് ഏക്കർ സ്ഥലത്താണ് ഇത്തവണ തണ്ണിമത്തൻ വിളഞ്ഞത്. മൈസൂരിൽനിന്ന് കൊണ്ടുവന്ന വിത്തിനങ്ങളായ മഹികോ, ബയാർ, ബഹുജ എന്നിവയാണ് കൃഷി ചെയ്തത്. നെൽകൃഷി നടക്കുന്ന വയലിൽ ഇടവിളയായാണ് തണ്ണിമത്തൻ കൃഷി. സമീപത്തെ ഒരു ഏക്കർ സ്ഥലത്ത് മരക്കാർ ബാവ കണിവെള്ളരിയും പച്ചക്കറികളും വിളയിച്ചിട്ടുണ്ട്. ദൂരദിക്കുകളിൽ നിന്നുപോലും തണ്ണിമത്തൻ വാങ്ങാൻ ആളുകൾ എത്തുക പതിവാണ്. കടകളിലേക്ക് എത്തിക്കുന്നതിന് പകരം നാട്ടുകാർ വയലിലേക്ക് നേരിട്ടുവന്ന് വാങ്ങിക്കൊണ്ട് പോവുകയാണ് ചെയ്യുക. ഒരുമാസത്തോളം മാവൂർ പാടത്ത് തണ്ണിമത്തൻ വിൽപന ഉണ്ടാകും. ഉത്സവാന്തരീക്ഷത്തിൽ നടന്ന തണ്ണിമത്തൻ വിളവെടുപ്പ് എ.ഐ.ടി.യു.സി സംസ്ഥാനസമിതി അംഗം കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. കണിവെള്ളരി, പച്ചക്കറി വിളവെടുപ്പ് കൃഷി അസിസ്റ്റൻറ് ഡയറക്ടർ ടി.ഡി. ബീനയും തണ്ണിമത്തൻ വിപണനം കൃഷി ഓഫിസർ കെ. സുലേഖാബിയും കണിവെള്ളരി വിപണനം കർഷകസംഘം ഏരിയ ജോയൻറ് സെക്രട്ടറി ഇ.എൻ. പ്രേമനാഥും ഉദ്ഘാടനം ചെയ്തു. കർഷകസംഘം ഏരിയ സെക്രട്ടറി വി. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. മരക്കാർ ബാവ സ്വാഗതവും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് നാസർ മാവൂരാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.