മെഡിക്കൽ കോളജ്​ ആശുപത്രി പുതിയ ഒ.പി ടിക്കറ്റ് സമ്പ്രദായം: തിരക്കിൽ വലഞ്ഞ് രോഗികൾ

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹോസ്പിറ്റൽ/ ആർദ്രം പദ്ധതിയുടെ ഭാഗമായി പുതിയ ഒ.പി ടിക്കറ്റ് സമ്പ്രദായം തുടങ്ങിയതോടെ തിരക്കിൽ വലഞ്ഞ് രോഗികൾ. പേരും വയസ്സും രോഗവിവരവും മാത്രമെഴുതുന്ന ഒ.പി ടിക്കറ്റിൽ വിലാസവും ആധാർ വിവരങ്ങളും ചേർക്കാൻ തുടങ്ങിയതാണ് കാലതാമസത്തിനിടയാക്കുന്നത്. രാവിലെ എട്ടിന് പ്രവർത്തനം തുടങ്ങിയ ഒ.പി കൗണ്ടറിനു മുന്നിൽ ഉച്ചകഴിഞ്ഞ് മൂന്നരവരെയും തിരക്കേറെയായിരുന്നു. സാധാരണഗതിയിൽ ഉച്ചക്ക് 12നാണ് ഒ.പി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം അവസാനിക്കുക. ഏപ്രിൽ ഒന്നുമുതലാണ് പുതിയ ഒ.പി ടിക്കറ്റ് സംവിധാനം തുടങ്ങിയത്. സാധാരണയായി ഒ.പി ടിക്കറ്റിൽ പേരുചേർക്കുന്നതിന് ഒരു മിനിറ്റ് പോലും തികച്ച് എടുക്കാറില്ലായിരുന്നു. എന്നാൽ ആധാർ വിവരങ്ങൾ ചേർക്കാൻ തുടങ്ങിയതോടെ അഞ്ചുമിനിറ്റോളം ഓരോ രോഗിക്കും വേണ്ടി ചെലവഴിക്കേണ്ടി വരുന്നുണ്ട്്. ഇതാണ് അനിയന്ത്രിത തിരക്കിനിടയാക്കിയത്. നേരേത്ത നാല് കമ്പ്യൂട്ടറുകളാണ് ഒ.പി കൗണ്ടറിലുണ്ടായിരുന്നത്. പുതിയ സംവിധാനം നടപ്പാക്കുന്നതി​െൻറ ഭാഗമായി നാല് കമ്പ്യൂട്ടറുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിനാവശ്യമായ ജീവനക്കാരുമുണ്ട്. എന്നാൽ, നൂറുകണക്കിന് രോഗികൾ കൗണ്ടറിനു മുന്നിലെ നീണ്ടവരിയിൽ മണിക്കൂറുകളോളം നിൽക്കേണ്ടിവരുകയാണ്. ഏപ്രിൽ ഒന്ന് ഞായറാഴ്ചയും ഏപ്രിൽ രണ്ടിന് പൊതുപണിമുടക്കുമായതിനാൽ ആശുപത്രിയിൽ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാൽ സാധാരണയുണ്ടാവുന്നതിനേക്കാൾ തിരക്കാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. ദൂരദിക്കുകളിൽ നിന്ന് അതിരാവിലെ എത്തിയ രോഗികൾ പോലും ഏറെ നേരം കൗണ്ടറിനു മുന്നിൽ കാത്തുനിൽക്കുന്ന അവസ്ഥയായിരുന്നു. ഒരുമാസത്തിനകം പഴയപടിയാവും -സൂപ്രണ്ട് പുതിയസംവിധാനത്തിന് തുടക്കത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളുണ്ടെന്നും മാസത്തിനകം കാര്യങ്ങൾ പഴയപടിയാവുമെന്നും സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാർ പറഞ്ഞു. രോഗികൾക്ക് എത്ര വൈകിയാലും ചികിത്സ കിട്ടാനായി ഓരോ ഒ.പിയിലും രണ്ടു മെഡിക്കൽ ഓഫിസർമാരെങ്കിലും ഉണ്ടാവണമെന്ന് നിർദേശിച്ചിട്ടുണ്ട്. നാലുമണി വരെ ഒ.പിയിൽ ഡോക്ടർമാരുണ്ടെന്നത് ഉറപ്പുവരുത്തും. രണ്ട് കമ്പ്യൂട്ടറുകൾ കൂടി അനുവദിക്കുന്ന കാര്യം ആലോചിക്കും. പുതിയ സംവിധാനത്തെക്കുറിച്ച് വിലയിരുത്താൻ വെള്ളിയാഴ്ച അധികൃതരുടെയും ജീവനക്കാരുടെയും യോഗം ചേരും. രോഗികൾക്ക് ഭാവിയിൽ ഏറെ പ്രയോജനം ചെയ്യുന്നതിനാൽ സംവിധാനത്തിലെ ബുദ്ധിമുട്ടുകൾ കുറച്ചുനാൾ സഹിക്കാൻ തയാറാവണമെന്നും സൂപ്രണ്ട് ആവശ്യപ്പെട്ടു. പുതിയ ഒ.പി ടിക്കറ്റ് സംവിധാനം എങ്ങനെ പുതിയ ഒ.പി ടിക്കറ്റിൽ രോഗിയുടെ പേര്, വയസ്സ് എന്നിവക്കൊപ്പം വിലാസവും ആധാർ വിവരങ്ങളും നൽകണം. ടിക്കറ്റിൽ ഒാരോ രോഗിക്കും തിരിച്ചറിയൽ നമ്പർ നൽകും. ഈ നമ്പറായിരിക്കും പിന്നീടെപ്പോഴും രോഗി ചികിത്സക്കായി എത്തുമ്പോൾ ഉപയോഗിക്കുക. പേരും വിവരങ്ങളും കൃത്യമായി നൽകണം. ഇതിനുസഹായകരമായിട്ടാണ് ആധാർ കാർഡ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.