ജില്ലയിൽ പണിമുടക്ക്​ പൂർണം

കോഴിക്കോട്: കേന്ദ്രസർക്കാറി​െൻറ പുതിയ തൊഴിൽനയത്തിനെതിരെ തൊഴിലാളി യൂനിയനുകൾ സംയുക്തമായി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. മാർഗതടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കിലും ചുരുക്കം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ജില്ലയിൽ എവിടെയും സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയില്ല. റെയിൽവേ സ്റ്റേഷനുകളിലും ആളൊഴിഞ്ഞ അവസ്ഥയായിരുന്നു. ഹോട്ടലുകൾ ഉൾപ്പെടെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല. ബാങ്കുകളിൽ സാമ്പത്തിക വർഷാവസാന ദിനമായതിനാൽ ഇടപാടുകൾ നടന്നില്ല. ജീവനക്കാർ ഹാജരാകാതിരുന്നതിനാൽ കേന്ദ്ര, സംസ്ഥാന ഒാഫിസുകളുടെ പ്രവർത്തനവും സ്തംഭിച്ചു. പെട്രോൾ പമ്പുകളും അടഞ്ഞുകിടന്നു. മെഡിക്കൽ കോളജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സന്നദ്ധ സംഘടനകളുടെ ഭക്ഷണവിതരണം ആശ്വാസമായി. കലക്ടറേറ്റിൽ മൊത്തം 236 ജീവനക്കാരിൽ 43 പേർ മാത്രമാണ് ജോലിക്കെത്തിയത്. കെ.എസ്.ആർ.ടി.സി ഒാഫിസിൽ 28 പേരേ ജോലിക്കെത്തിയുള്ളൂ. രാത്രി 10 മണിക്ക് ശേഷം ബംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവിസുകളോടെയാണ് കെ.എസ്.ആർ.ടി.സി പ്രവർത്തനം പുനരാരംഭിച്ചത്. കോഴിക്കോട് നഗരത്തിലെ മൊഫ്യൂസൽ ബസ്സ്റ്റാൻഡിന് മുന്നിലും പാളയത്തും വഴിയോരത്ത് ഒരുക്കിയ പ്രത്യേക ടീ സ്റ്റാളുകൾ യാത്രക്കാർക്ക് ആശ്വാസമായി. പണിമുടക്കിയ തൊഴിലാളികൾ നഗരത്തിൽ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.