വേണം, ഉള്ളിശ്ശേരിക്കുന്നുകാർക്ക് സ്ഥിരമായ റോഡ്

ബേപ്പൂർ: കോഴിക്കോട് കോർപറേഷനിൽ ആളുകൾ തിങ്ങിത്താമസിക്കുന്ന മീഞ്ചന്ത ബൈപാസിന് കിഴക്കുഭാഗം ഉള്ളിശ്ശേരിക്കുന്ന്, കോവിലകം പറമ്പ്, പയ്യനാട്ടുപാടം തുടങ്ങിയ സ്ഥലങ്ങളിലെ 600ൽപരം താമസക്കാർക്ക് സൗകര്യപ്രദമായ വഴി ഇല്ല. ഇവർ യാത്രചെയ്യുന്നത് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ആവശ്യാർഥം അക്വയർ ചെയ്ത സ്ഥലത്തുകൂടിയാണ്. സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ് സാമൂതിരിയുടെ കാലത്ത് സാമൂതിരിയുടെ ആശ്രിതരും സിൽബന്ധികളും താമസിച്ചിരുന്നത് കോവിലകം പറമ്പിലായിരുന്നു. അന്നുമുതൽ ഇവർ യാത്ര ചെയ്ത് വരുന്നത് ഈ വഴിയിലൂടെയാണ്. എന്നാൽ, സാമൂതിരി കോവിലകത്തി​െൻറ കൈവശത്തിൽ ഉണ്ടായിരുന്ന ഈ സ്ഥലങ്ങൾ ആർട്സ് കോളജിനുവേണ്ടി അക്വയർ ചെയ്തെങ്കിലും നാളിതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പി​െൻറ കീഴിലായതുകൊണ്ട് കോഴിക്കോട് കോർപറേഷ​െൻറയോ എം.എൽ.എയുടെയോ എം.പിയുടെയോ ഫണ്ട് റോഡ് നിർമാണത്തിന് ലഭിക്കുകയുമില്ല. കുണ്ടും കുഴിയും നിറഞ്ഞ വഴിയിലൂടെ പ്രായമുള്ളവരും കുട്ടികളും വളരെ ബുദ്ധിമുട്ടിയാണ് യാത്രചെയ്യുന്നത്. മഴക്കാലത്ത് ചളിയും വെള്ളവും നിറയുന്നു. വേനലിൽ പ്രദേശം മുഴുവൻ പൊടിപറക്കുന്നത് കാരണം യാത്ര ദുഷ്കരമാണ്. ടൂവീലറുകളും കാറുകളും വളരെ പ്രയാസപ്പെട്ടാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. കുണ്ടും കുഴിയും നിറഞ്ഞതിനാൽ ഓട്ടോറിക്ഷക്കാർ ഇതുവഴി വരാറില്ല. വർഷങ്ങളായി റോഡിനു വേണ്ടിയുള്ള ഇവരുടെ മുറവിളി അധികാരികൾ അവഗണിക്കുകയാണ്. ഇപ്പോൾ വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക സംഘടനകളുടെയും റെസിഡൻറ്സ് അസോസിയേഷനുകളുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ മീഞ്ചന്ത-ഉള്ളിശ്ശേരിക്കുന്ന് റോഡ് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കൗൺസിലർ നമ്പിടി നാരായണ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനറായി ടി. റുമീസ്, ചെയർമാനായി കെ.പി. അഹമ്മദ് കോയ (അമ്പുക്കോയ), ജോയൻറ് കൺവീനർമാരായി ടി. അഹമ്മദ് കബീർ, വി.എം. ഇന്ദിര ടീച്ചർ, യു. രാജഗോപാൽ, സി.വി. സലാം, വൈസ് ചെയർമാൻമാരായി എം.കെ. അനീഷ്, സി. ചന്ദ്രൻ, കെ.ടി. മുഹമ്മദ് ഷമീർ, കെ.എം. ജനാർദനൻ, ട്രഷററായി തിരുവച്ചിറ മോഹൻദാസ് എന്നിവരെ തിരഞ്ഞെടുത്തു. കൗൺസിലർമാരായ പി.പി. ബീരാൻ കോയ, മുഹമ്മദ് ഷമീൽ എന്നിവരും ആക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. photo: ullisserikunnnu.jpg മീഞ്ചന്ത, ഉള്ളിശ്ശേരിക്കുന്ന് ഭാഗങ്ങളിൽ താമസിക്കുന്നവർ ഉപയോഗിച്ചുവരുന്ന വഴി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.