പൂനൂര്‍ പുഴ സംരക്ഷിക്കാന്‍ ജലയാത്ര

കക്കോടി: പൂനൂര്‍ പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുഴ സംരക്ഷണ സമിതി കക്കോടി, മോരീക്കര, മാളിക്കടവ് ഭാഗങ്ങളില്‍ നടത്തിയ ജലയാത്ര ശ്രദ്ധേയമായി. പുഴയില്‍ മാലിന്യം വലിച്ചെറിയുന്നതും സ്ഥാപനങ്ങളില്‍നിന്ന് മലിനജലവും മാലിന്യങ്ങളും ഒഴുക്കിവിടുന്നതും മണല്‍ വാരുന്നതും അവസാനിപ്പിക്കണമെന്ന അറിയിപ്പുമായാണ് ഇരു തോണികളിലായി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ജലയാത്ര നടത്തിയത്. കക്കോടി ഗ്രാമപഞ്ചായത്തിന്‍െറ മുഖ്യ കുടിവെള്ള സ്രോതസ്സായ പുഴ മലിനമാകാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പുഴ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പരക്കെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ പുഴ സംരക്ഷണ സമിതി രൂപവത്കരിച്ച് ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. വരള്‍ച്ചയും കുടിവെള്ളക്ഷാമവും പരിഹരിക്കുന്നതിന് പുഴയെ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്. പഞ്ചായത്തിലെ 18, 19, 20 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ഞായറാഴ്ച ജലയാത്ര നടന്നത്. പുഴ സംരക്ഷണ സമിതി സെക്രട്ടറി കെ. ബാലരാമന്‍ ജലയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. വാര്‍ഡംഗങ്ങളായ സജീവന്‍ കക്കടവത്ത്, മേലാല്‍ മോഹനന്‍, കെ. സുഷമ, എം. ബിന്ദു, കെ. ശ്രീജില എന്നിവര്‍ സംബന്ധിച്ചു. എം. വസന്തന്‍ മാസ്റ്റര്‍, ഹരീഷ് കിഴക്കാളില്‍, ഇ.പി. ഷാജി, വേണുഗോപാല്‍ മേലാല്‍, അനില്‍ നെല്ലൂളി, പി. ജയകൃഷ്ണന്‍, ബി. അബൂബക്കര്‍, അനില്‍ ഇല്ലത്ത്, സുന്ദരന്‍ പെരുന്തൊടി, കെ.കെ. ദേവദാസന്‍ എന്നിവര്‍ ജലയാത്രക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.