വേനല്‍മഴയില്ല: വരള്‍ച്ചഭീഷണിയില്‍ മലയോര ഗ്രാമങ്ങള്‍

മുക്കം: പിശുക്കുകാണിച്ച കാലവര്‍ഷത്തിനു പിറകെ വേനല്‍മഴയും കനിയാതായതോടെ മലയോര ഗ്രാമങ്ങളും ജലക്ഷാമത്തിലേക്ക് നീങ്ങുന്നു. ഏതാനും ദിവസങ്ങളായി വെയിലിന് ശക്തികൂടിയതോടെ മലയോര മേഖലയില്‍ കിണറുകളിലും മറ്റു ജലാശയങ്ങളിലും വെള്ളം കുറഞ്ഞുതുടങ്ങി. ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും ഈര്‍പ്പമുള്ള വയലുകളും ആശ്വാസമായിരുന്ന മുക്കം മേഖലയില്‍ ഇപ്പോഴേ ജലക്ഷാമം തുടങ്ങി. കുറ്റിപ്പാല, മാമ്പൊയില്‍, മാമ്പറ്റ തുടങ്ങി വിവിധ ഭാഗങ്ങളില്‍ വെള്ളം വറ്റിത്തുടങ്ങി. സ്ഥിതി തുടര്‍ന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തന്നെ വലിയ വരള്‍ച്ചയാവും ഫലം. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം വെള്ളം വന്നെങ്കില്‍ വന്നു എന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള കുടിവെള്ള വിതരണവും ഇത്തവണ ആശ്വാസമാകാന്‍ വഴിയില്ല. കുടിക്കാന്‍ ഉള്‍പ്പെടെയുള്ള ശുദ്ധജലം വലിയ അളവില്‍ ലഭിക്കാത്തതുതന്നെ കാരണം. കഴിഞ്ഞ തവണ മേഖലയില്‍ മേയ് ആയപ്പോയാണ് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തിയതെങ്കില്‍ ഇത്തവണ ഫെബ്രുവരി ആദ്യ പകുതിയില്‍തന്നെ ജലവിതരണം തുടങ്ങേണ്ടിവരും. കുന്നിന്‍മുകളില്‍ പ്രവര്‍ത്തിക്കുന്നവയടക്കമുള്ള വിദ്യാലയങ്ങളും ഇക്കുറി കുടിവെള്ളത്തിന് കടുത്ത ദുരിതം അനുഭവിക്കേണ്ടിവരും. ഇത് മുന്നില്‍കണ്ട് സ്കൂളധികൃതര്‍ വീട്ടില്‍നിന്ന് വെള്ളം കൊണ്ടുവരേണ്ടതിന്‍െറ ആവശ്യകത രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ അടുത്ത മാസംതന്നെ കൃത്യമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ആശുപത്രികള്‍, അംഗന്‍വാടികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവരും വലിയ ഉത്കണ്ഠയിലാണ്. വാഴ കര്‍ഷകരടക്കമുള്ള കര്‍ഷകര്‍ വെള്ളം ലഭിക്കാത്തതിനാല്‍ കടുത്ത ആശങ്കയിലാണ്. വാഴകൃഷിക്ക് വെള്ളം ഏറ്റവും കൂടുതല്‍ ആവശ്യമായ സന്ദര്‍ഭത്തിലാണ് കടുത്ത വരള്‍ച്ച വില്ലനായി മാറുന്നത്. പ്രാദേശിക ഭരണകൂടങ്ങളില്‍ മിക്കയിടത്തും കാര്യമായ കരുതല്‍പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. കവണക്കല്ല് റെഗുലേറ്റര്‍ ഉള്ളതുകൊണ്ട് ചാലിയാര്‍, ഇരുവഴിഞ്ഞി തുടങ്ങിയ നദികളോട് ചേര്‍ന്നുകിടക്കുന്ന കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് വലിയ ദുരിതത്തിന് സാധ്യതയില്ല. മുക്കത്തിനു മുകളിലേക്ക് ഇരുവഴിഞ്ഞിയില്‍ വെള്ളം വളരെ കുറവാണ്. 99 ശതമാനം വേനല്‍മഴ കുറഞ്ഞ ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇതും പ്രതീക്ഷിച്ച് കഴിയുന്നതില്‍ അര്‍ഥമില്ല. ഇപ്പോള്‍ ലഭ്യമായ വെള്ളം സംരക്ഷിക്കുകയും ജലം പാഴാവുന്നത് തടയാന്‍ നടപടി സ്വീകരിക്കുകയും വേണം. ഇനി ലഭിക്കുന്ന മഴവെള്ളമെങ്കിലും സംരക്ഷിച്ചുനിര്‍ത്താനാകണമെന്ന സന്ദേശമാണ് പ്രകൃതിസ്നേഹികള്‍ നല്‍കുന്നത്. കടുത്ത ജലക്ഷാമം മുന്നില്‍കണ്ട് പല പഞ്ചായത്തുകളും നീര്‍ത്തട പദ്ധതികളും കുടിവെള്ള സ്രോതസ്സ് സംരക്ഷണവും മാലിന്യമുക്ത ഗ്രാമം പദ്ധതിയുമൊക്കെയായി രംഗത്തുണ്ട്. എങ്കിലും വൈകിയെങ്കിലുമത്തെുന്ന വേനല്‍മഴയിലാണ് പ്രതീക്ഷയത്രയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.