നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട

എലത്തൂര്‍: നഗരത്തിലെ സ്കൂള്‍ കോളജ് കുട്ടികള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യാനായി കൊണ്ടുവന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി പയ്യാനക്കല്‍ സ്വദേശിയെ എലത്തൂര്‍ എസ്.ഐ എസ്. അരുണ്‍പ്രസാദും ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടി. എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയങ്ങാടി, എലത്തൂരിലെ തീരദേശ പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്കുമരുന്ന് വിതരണം നടക്കുന്നതായി നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് പയ്യാനക്കല്‍ സ്വദേശി പുത്തന്‍പുരയില്‍ അബ്ദുറഹ്മാനെ (32) പൊലീസ് പിടികൂടിയത്. പിടിയിലാകുമ്പോള്‍ ഇയാളുടെ കൈവശം 64 പോളിത്തീന്‍ പാക്കറ്റുകളിലായി വില്‍പനക്കായി തയാറാക്കിയ ഒന്നേകാല്‍ കിലോ കഞ്ചാവുണ്ടായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തതില്‍നിന്ന് ചെന്നൈ, പൊള്ളാച്ചി എന്നീ സ്ഥലങ്ങളില്‍നിന്ന് മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട്ട് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കഞ്ചാവ് വില്‍പന നടത്താനും വാങ്ങാനും സഹായിക്കുന്നവരെപ്പറ്റി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. പ്രതിയെ പിടികൂടിയ സംഘത്തില്‍ ക്രൈംസ്ക്വാഡ് അംഗങ്ങളായ മനോജ് കെ. പ്രമോദ്, സുനില്‍കുമാര്‍, ആഷിഖ്, അബ്ദുറഹിമാന്‍ എന്നിവരും എലത്തൂര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ ഷാജി, മുഹമ്മദ് കല്യേരി, പൊലീസുകാരായ രമേഷ്, ശിവദാസന്‍ എന്നിവരുമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.