പാര്‍ക്കിങ് നിയമലംഘനം: ഓട്ടോറിക്ഷ നിര്‍ത്തിയിട്ടതിന് പിഴ; ടൗണ്‍ സ്റ്റേഷനില്‍ ഉപരോധം

കോഴിക്കോട്: അനധികൃതമായി ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തുവെന്ന് ആരോപിച്ച് കടപ്പുറം ഭാഗത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ ടൗണ്‍ സ്റ്റേഷന്‍ ഉപരോധിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. നേരത്തേ അനുമതി കൊടുത്ത ഭാഗത്താണ് പാര്‍ക്ക് ചെയ്തതെന്നാണ്് തൊഴിലാളികളുടെ വാദം. അഞ്ച് ഓട്ടോകള്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ ട്രാഫിക് അസി. കമീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ അനുവാദം കൊടുത്തതായി പറയുന്നു. എന്നാല്‍, ടൗണ്‍ എസ്.ഐ വാഹനങ്ങള്‍ക്ക് 1000 രൂപ പിഴയിട്ടതായാണ് ആരോപണം. കോഴിക്കോട് ജില്ല മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ഓട്ടോ സെക്ഷന്‍ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് യൂനിയന്‍ നേതാക്കള്‍ ടൗണ്‍ സി.ഐ മനോജുമായി ചര്‍ച്ച നടത്തി. പുതിയ സ്ഥലത്ത് ഓട്ടോസ്റ്റാന്‍ഡ് അനുവദിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനിച്ചു. പാര്‍ക്കിങ് സ്ഥലം പിന്നീട് അറിയിക്കും. ചര്‍ച്ചയില്‍ സി.ഐ.ടിയു ജില്ല സെക്രട്ടറി സി.പി സുലൈമാന്‍, കെ.പി കോയ, പി.കെ. റസാഖ്, ദീപക്, പി.വി. നൗഷാദ്, ഐ.എന്‍.ടി.യു.സിയെ പ്രതിനിധാനം ചെയ്ത് ശശി എന്നിവര്‍ പങ്കെടുത്തു. പാര്‍ക്കിങ് സ്ഥലത്തല്ല ഓട്ടോറിക്ഷ നിര്‍ത്തിയിട്ടതെന്നും ഉപരോധിച്ച കണ്ടാലറിയാവുന്ന ആറുപേരടക്കം അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും എസ്.ഐ ഇ.കെ. ഷിജു പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.