കോഴിക്കോട്: മാനവികതയുടെയും ഒരുമയുടെയും ഐക്യദാര്‍ഢ്യമായി ഡി.വൈ.എഫ്.ഐ മതേതര സംഗമം. ഫെബ്രുവരി ഒന്ന് മുതല്‍ അഞ്ച് വരെ കൊച്ചിയില്‍ നടക്കുന്ന പത്താം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ‘നമ്മളൊന്ന്’ എന്നപേരില്‍ കോഴിക്കോട് കടപ്പുറത്ത് മതേതര കൂട്ടായ്മ സംഘടിപ്പിച്ചത്. ചിത്രകാരന്മാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി നേതാക്കള്‍ എന്നിവര്‍ അണിനിരന്ന കൂട്ടായ്മ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. പ്രക്ഷോഭങ്ങളെപോലും വര്‍ഗീയവത്കരിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് മാറ്റത്തിനെയും പ്രധാനമന്ത്രിക്ക് എതിരെയുമുള്ള പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമായി ആക്ഷേപിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ കൊന്നവര്‍ അഫ്സല്‍ ഗുരുവിനെ കൊല ചെയ്തതിനെ പറ്റി സംസാരിക്കുന്നതുപോലും കുറ്റകരമായി കാണുന്നു. മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് മാത്രം പൗരത്വ നിയമം കൊണ്ടുവരാന്‍പോലും നീക്കം നടക്കുന്നു. എം.ടി. വാസുദേവന്‍ നായര്‍ എന്തു സംസാരിക്കണമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. ഒരു കക്ഷിരാഷ്ട്രീയത്തിന്‍െറ ആളല്ല അദ്ദേഹം. പൊതുധാരയില്‍നിന്നുപോലും മാറിനടക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ള എഴുത്തുകാരനാണ് എം.ടി. എം.ടിയെ അധിക്ഷേപിക്കുന്നത് കേരളത്തെ അധിക്ഷേപിക്കലാണെന്നും എളമരം കരീം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് എസ്.കെ. സജീഷ് അധ്യക്ഷത വഹിച്ചു. തമിഴ്നാട് സംസ്ഥാന സെക്രട്ടറി ബാലവേലന്‍, ഗാനരചയിതാവ് കൈതപ്രം, കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ചെയര്‍മാന്‍ സുഹൈല്‍ എന്നിവര്‍ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി. നിഖില്‍ സ്വാഗതവും ജില്ല ട്രഷറര്‍ വി. വസീഫ് നന്ദിയും പറഞ്ഞു. കബിതാ മുഖോപാധ്യായ, അഭിലാഷ് തിരുവോത്ത് എന്നിവര്‍ ഫാഷിസ്റ്റ് വിരുദ്ധ ചിത്രങ്ങള്‍ വരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.