ഹെല്‍ത്തി കേരള; കോട്പ പ്രകാരം 31,400 രൂപ പിഴ ഈടാക്കി

കോഴിക്കോട്: ഹെല്‍ത്തി കേരള കാമ്പയിന്‍െറ ഭാഗമായി ജില്ലയിലെ നഗര, ഗ്രാമ പ്രദേശങ്ങളില്‍ സിഗരറ്റ് ആന്‍ഡ് അദര്‍ ടുബാകോ പ്രോഡക്ട് ആക്ട് (സി.ഒ.ടി.പി.എ) പ്രകാരം വിവിധ ടീമുകള്‍ പരിശോധന നടത്തി. 39 പേര്‍ക്ക് നിയമപ്രകാരം നോട്ടീസ് നല്‍കുകയും 160 പേരില്‍നിന്നായി 31,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. 83 ടീമുകളായി 249 ജീവനക്കാര്‍ 1,286 കടകളും 83 ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളും സന്ദര്‍ശിച്ചു. ഇതില്‍ 316 കടകളിലും അഞ്ച് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും പുകയില ഉല്‍പന്നങ്ങള്‍ കണ്ടത്തെി. കോര്‍പറേഷന്‍ പരിധിയില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പത്രസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവിലുള്ള കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തുന്നതിന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍. സരിത, അഡീഷനല്‍ ഡി.എം.ഒ ഡോ. ആശാദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുക്കം മുനിസിപ്പാലിറ്റിയില്‍ അഡീഷനല്‍ ഡി.എം.ഒ ഡോ. രവികുമാറിന്‍െറയും കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികളില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം.പി. ജീജയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പുകയില ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനു വേണ്ടി പരിശോധന ഊര്‍ജിതമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ഒ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.