കല്ലുമ്മക്കായ പറിക്കല്‍ കാപ്പാട് വീണ്ടും സംഘര്‍ഷം

ചേമഞ്ചേരി: കാപ്പാട് തുവ്വപ്പാറ ബീച്ചിലെ കല്ലുമ്മക്കായ പറിക്കുന്നതുമായി ബന്ധപ്പെട്ട് എലത്തൂര്‍-കാപ്പാട് പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ബുധനാഴ്ചയും സംഘര്‍ഷം. ബുധനാഴ്ച രാവിലെ 7.30 ഓടെ 16 ഫൈബര്‍ വള്ളങ്ങളില്‍ കാപ്പാട് എത്തിയ 200ലേറെ എലത്തൂര്‍ സ്വദേശികളായ തൊഴിലാളികള്‍ കല്ലുമ്മക്കായ പറിക്കാന്‍ ആരംഭിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 20ാം തീയതി എ.ഡി.എമ്മിന്‍െറ ചേംബറില്‍വെച്ച് നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രം കല്ലുമ്മക്കായ പറിച്ചാല്‍ മതി എന്ന് എലത്തൂര്‍ സ്വദേശികളെ അറിയിക്കാന്‍ വള്ളവുമായി കടലിലേക്കു പോയ മുനമ്പത്ത് അബ്ദുല്‍ അസ്ലം (36), പടിഞ്ഞാറയില്‍ രൂപേഷ് (44), തുവ്വക്കാട് പറമ്പ് മധു (50) എന്നിവരെ എലത്തൂര്‍ സ്വദേശികള്‍ അവരുടെ വള്ളത്തില്‍ കയറ്റി എലത്തൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. കാപ്പാട് സ്വദേശികള്‍ പോയ ചെറിയ തോണി മറിച്ചിടുകയും ചെയ്തു. ബഹളത്തിനിടെ എലത്തൂര്‍ ചെട്ടികുളം സ്വദേശിയായ ബാവുട്ടിയെ (51) അയാളുടെ തോണിയോടൊപ്പം ബലംപ്രയോഗിച്ച് കാപ്പാട് സ്വദേശികളായ ഏതാനുംപേര്‍ പിടിച്ചെടുത്തു. ഈ സമയത്തിനിടെ എലത്തൂര്‍ സ്വദേശികള്‍ രണ്ടുലക്ഷം രൂപ വിലവരുന്ന നൂറോളം കൊട്ട കല്ലുമ്മക്കായ പറിച്ചെടുത്തതായി തുവ്വപ്പാറ കല്ലുമ്മക്കായ തൊഴിലാളികളുടെ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ പരസ്പരം തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞത്തെിയ കൊയിലാണ്ടി പൊലീസ് എലത്തൂര്‍ പൊലീസിന്‍െറ സഹായത്തോടെ മൂന്ന് കാപ്പാട് സ്വദേശികളെയും ഒരു എലത്തൂര്‍കാരനെയും കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷനില്‍വെച്ച് നടന്ന ചര്‍ച്ചയില്‍ എ.ഡി.എമ്മിന്‍െറ ചേംബറില്‍വെച്ച് 20ാം തീയതി നടക്കുന്ന യോഗത്തില്‍ തീരുമാനം വരുംവരെ ആരും കല്ലുമ്മക്കായ പറിക്കരുതെന്ന് ധാരണയായി. ബുധനാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് കേസൊന്നും എടുത്തതുമില്ല. കൊയിലാണ്ടി എസ്.ഐ കെ. സുമിത്കുമാറിന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ചേമഞ്ചേരി രണ്ടാംവാര്‍ഡ് മെംബര്‍ സത്യനാഥന്‍ മാടഞ്ചേരി, ടി.പി. രമേശന്‍, ഫല്‍ഗുനന്‍ മുക്കാടി വളപ്പില്‍, രാജന്‍ തുവ്വക്കാട് പറമ്പില്‍, മുന്‍ എലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ തുവ്വപ്പാറ കോഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന ചെലവ് കണ്ടത്തെുന്നതിനായി ഒരുലക്ഷം രൂപ വിലവരുന്ന അമ്പതോളം കൊട്ട കല്ലുമ്മക്കായ കാപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍ പറിച്ചിരുന്നു. ഇന്നലെയും കാപ്പാട്ടുകാര്‍ കല്ലുമ്മക്കായ പറിക്കുമെന്ന പ്രതീക്ഷയിലാണ് എലത്തുര്‍കാര്‍ കാപ്പാട് എത്തിയതെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.