പൊലീസ് പട്രോളിങ് കുറയുന്നു; മോഷണം പെരുകുന്നതായി പരാതി

കക്കോടി: രാത്രികാലങ്ങളിലെ പൊലീസ് പട്രോളിങ് അയയുന്നതുമൂലം കക്കോടിയില്‍ മോഷണവും കുറ്റകൃത്യങ്ങളും പെരുകുന്നു. മലാപ്പറമ്പ്, വേങ്ങേരി, കക്കോടി, കുടത്തുംപൊയില്‍, കക്കോടിമുക്ക് ഭാഗങ്ങളിലേക്കുള്ള ഫ്ളയിങ് സ്ക്വാഡിന്‍െറ പ്രവര്‍ത്തനം താളംതെറ്റിയതാണ് മോഷണങ്ങളും മയക്കുമരുന്ന് ലോബികളും പിടിമുറുക്കാന്‍ കാരണമാകുന്നതെന്ന് ആക്ഷേപമുണ്ട്. മാവോവാദി ഭീഷണിയുടെ പേരില്‍ മലാപ്പറമ്പ് പ്രൊവിഡന്‍സ്കോളജിനു സമീപത്തെ എ.ഡി.ജി.പി, പൊലീസ് കമീഷണര്‍ എന്നിവരുടെ ക്യാമ്പ് ഓഫിസിന്‍െറ റിപ്പോര്‍ട്ടിങ് ബുക്കില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് പട്രോളിങ് പാര്‍ട്ടി ഒപ്പുവെക്കണമെന്ന നിര്‍ദേശംമൂലം ഫ്ളയിങ് സ്ക്വാഡ് മലാപ്പറമ്പ് കേന്ദ്രീകരിച്ച് പട്രോളിങ് ചുരുക്കുന്നതായാണ് ആക്ഷേപം. എ.ഡി.ജി.പി, കമീഷണര്‍ എന്നിവരുടെ വീടുകള്‍ക്ക് രാത്രിയില്‍ രണ്ടുംമൂന്നും പൊലീസുകാരുടെ കാവല്‍ ഉണ്ടെന്നിരിക്കെയാണ് മാവോവാദി ഭീഷണിയുടെ പേരില്‍ ഒപ്പിടല്‍. ബോംബ് ഭീഷണിയെ തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെയും രാത്രികാല നിരീക്ഷണം ശക്തമാക്കിയതിനാല്‍ ഫ്ളയിങ് സ്ക്വാഡിന്‍െറ പട്രോളിങ് സ്ഥലങ്ങള്‍ ചുരുങ്ങിയതായി നാട്ടുകാര്‍ പറയുന്നു. കക്കോടി, വേങ്ങേരി ഭാഗങ്ങളിലെ ബാങ്കുകളില്‍ പട്രോളിങ്ങിന്‍െറ രജിസ്റ്റര്‍ ബുക്ക് വെക്കുകയും ഡ്യൂട്ടി ഓഫിസര്‍ ഒപ്പിടുകയും ചെയ്യണമെന്നായിരുന്നു കീഴ്വഴക്കം. രാത്രികളില്‍ പൊലീസ് ഇതുവഴി കടന്നുപോകുന്നതിനാല്‍ മോഷണവും മറ്റു കുറ്റകൃത്യങ്ങളും കുറവായിരുന്നു. ചേവായൂര്‍, എലത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ മോഷണങ്ങള്‍ കൂടിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് ഒരു തുമ്പും കിട്ടാത്ത അവസ്ഥയാണ്. അടുത്തിടെ കക്കോടിയില്‍ നിന്നും മൂഴിക്കലില്‍നിന്നുമായി 30 പവനോളം സ്വര്‍ണവും പറമ്പില്‍ബസാര്‍ കടയില്‍നിന്ന് പണവും മൊബൈല്‍ഫോണുകളും കവര്‍ന്നെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. കക്കോടി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന സംഘങ്ങള്‍ പൊലീസിന്‍െറ അനാസ്ഥയെ മുതലെടുക്കുന്നതായി റെസിഡന്‍റ്സ് അസോസിയേഷനുകള്‍ പരാതിപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തെ നാട്ടുകാര്‍ കൈയോടെ പിടികൂടിയിരുന്നു. കക്കോടിയില്‍നിന്ന് രാത്രിയില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ച ആളെ സമ്മര്‍ദത്തെതുടര്‍ന്ന് കേസൊന്നുമെടുക്കാതെ ചേവായൂര്‍ പൊലീസ് വിട്ടയച്ചത് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.