കോഴിക്കോട്: ജില്ലയിലാദ്യമായി കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്. 110 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷന്‍ ഉദ്ഘാടനവും നോര്‍ത് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും 17ന് വൈദ്യുതി മന്ത്രി എം.എം. മണി നിര്‍വഹിക്കുമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് ഗാന്ധിറോഡ് സെന്‍റ് ജോസഫ്സ് പള്ളി ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. 2017 മാര്‍ച്ചോടെ കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്‍െറ ആദ്യപടിയാണ് നോര്‍ത്ത് മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണം. നഗര പരിധിയില്‍പെട്ട 29 വാര്‍ഡുകള്‍ ഉള്‍പ്പെട്ട നോര്‍ത് നിയോജക മണ്ഡലത്തില്‍ നടക്കാവ്, വെസ്റ്റ്ഹില്‍, കാരപ്പറമ്പ്, വെള്ളിമാട്കുന്ന്, കോവൂര്‍, പൊറ്റമ്മല്‍ സെക്ഷന്‍ ഓഫിസുകളിലായി 150 ഗുണഭോക്താക്കളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. 2010ല്‍ മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം നേടിയതാണ്. ഇതിനുശേഷം അപേക്ഷിച്ചവര്‍ക്ക് പുതുതായി കണക്ഷന്‍ നല്‍കി. ഇത്രയും അപേക്ഷകര്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് എം.എല്‍.എ ഫണ്ടും നല്‍കി. ഇങ്ങനെയാണ് എല്ലാവര്‍ക്കും വൈദ്യുതി എന്ന ലക്ഷ്യം സാക്ഷാത്കരിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ആദ്യ 110 കെ.വി ജി.ഐ.എസ് സബ്സ്റ്റേഷനാണ് ഗാന്ധിറോഡില്‍ ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുന്നത്. വെസ്റ്റ്ഹില്‍ 110 കെ.വി സബ്സ്റ്റേഷനില്‍നിന്ന് 7.03 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച110 കെ.വി. ഭൂഗര്‍ഭ കേബിള്‍ വഴിയാണ് സബ്സ്റ്റേഷനിലേക്ക് വെദ്യുതി എത്തുന്നത്. നഗരത്തിലും തീരപ്രദേശങ്ങളിലും മികച്ച വോള്‍ട്ടേജില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ഈ പദ്ധതി ഉപകരിക്കും. നടക്കാവ്, സെന്‍ട്രല്‍, ബീച്ച്, വെസ്റ്റ്ഹില്‍ എന്നീ സെക്ഷന്‍ പരിധിയിലുള്ളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ജില്ലയിലെ വൈദ്യുതി വികസന പദ്ധതിയുടെ ഭാഗമായി ഫറോക്ക് നല്ലൂരില്‍ സ്ഥാപിച്ച 33 കെ.വി. സബ്സ്റ്റേഷന്‍െറ ഉദ്ഘാടനവും 17ന് മന്ത്രി നിര്‍വഹിക്കും. റോയല്‍ അലൈന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എ അധ്യക്ഷനാകും. ഫറോക്ക്, നല്ലൂര്‍, കടലുണ്ടി, പെരുമുഖം, വക്കുമ്പാട്, ചാലിയം എന്നീ പ്രദേശങ്ങളിലെ വൈദ്യുതി ഉപയോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. 4.6 കോടി ചെലവിലാണ് സബ്സ്റ്റേഷന്‍ നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.