അഴിയൂരില്‍നിന്ന് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ മാറ്റാന്‍ നീക്കം

വടകര: അഴിയൂര്‍ പഞ്ചായത്തിലെ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഉള്ള്യേരിയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നു. ഇതിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. എസ്.എസ്.എല്‍.സി പരീക്ഷ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സ്കൂള്‍ മാറ്റാനുള്ള നീക്കം ഉചിതമല്ളെന്നാണ് പൊതുവായ അഭിപ്രായം. ഇവിടെനിന്ന് 18 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഇക്കഴിഞ്ഞ ജൂണിലാണ് സ്കൂള്‍ അഴിയൂരിലേക്ക് മാറ്റിയത്. നേരത്തേ അഴിയൂരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രീ-മെട്രിക്ക് ഹോസ്റ്റലുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സ്കൂളിന് സൗകര്യം ഒരുക്കിയത്. ഹോസ്റ്റലിലുള്ള പെണ്‍കുട്ടികളെ എലത്തൂരിലേക്ക് മാറ്റിയിരുന്നു. 150 കുട്ടികളാണിപ്പോള്‍ ഇവിടെ ഉള്ളത്. പ്രീമെട്രിക് ഹോസ്റ്റല്‍ ഇവിടെനിന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ മാറ്റിയാണ് റെസിഡല്‍ഷ്യല്‍ സ്കൂള്‍ സ്ഥാപിച്ചത്. വടകര ബ്ളോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ബ്ളോക്ക് അധികാരികളെ അറിയിച്ചില്ളെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഉള്ള്യേരിയില്‍ ആശുപത്രിക്കായി പണിത കെട്ടിടം വാടകക്കെടുത്താണ് റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിലെ അസൗകര്യങ്ങളും ശുദ്ധമായ കുടിവെള്ളത്തിന്‍െറ ലഭ്യതക്കുറവും ചൂണ്ടിക്കാട്ടിയാണ് സ്കൂള്‍ അഴിയൂരിലേക്ക് മാറ്റിയത്. ഒരുമാസം ഒന്നേമുക്കാല്‍ ലക്ഷം രൂപ വാടക നല്‍കി പ്രവര്‍ത്തിച്ച സ്കൂള്‍ ബ്ളോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സൗജന്യമായി പ്രവര്‍ത്തിച്ചുവരികയാണ്. അഞ്ചു മുതല്‍ പത്തുവരെ ക്ളാസുകളുള്ള സ്കൂളുകളില്‍ 440 കുട്ടികളാണ് അധ്യയനം നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ 15 കുട്ടികള്‍ക്ക് പുറമെ വയനാട്, മലപ്പുറം, നിലമ്പൂര്‍, അട്ടപ്പാടി, പറമ്പിക്കുളം എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. 11 അധ്യാപകര്‍ ഉള്‍പ്പെടെ 20 ജീവനക്കാരാണ് ഇവിടെയുള്ളത്. മാഹി റെയില്‍വേ സ്റ്റേഷന്‍ അടുത്തായതിനാല്‍ രക്ഷിതാക്കള്‍ക്ക് സ്കൂളിലത്തൊനുള്ള സൗകര്യം സ്കൂള്‍ മാറ്റുന്നതോടെ ഇല്ലാതാകുമെന്ന് പറയുന്നു. ജില്ല കലക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂളിന്‍െറ പ്രവര്‍ത്തനം. എന്നാല്‍, വര്‍ഷത്തില്‍ അനുവദനീയമായ വിനോദയാത്രപോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. വിദ്യാര്‍ഥികളുടെ ഇത്തരം ആവശ്യങ്ങള്‍ സാങ്കേതികത്വം ചൂണ്ടിക്കാട്ടി മാറ്റിവെക്കുകയാണെന്നാണ് ആക്ഷേപം. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ അഴിയൂരില്‍ ഏറെ വെല്ലുവിളികള്‍ നേരിടുമ്പോഴും സ്വന്തം കെട്ടിടത്തിനായുള്ള പദ്ധതികള്‍ എങ്ങുമത്തെിയിട്ടില്ല. ജില്ല പഞ്ചായത്ത് മരുതോങ്കരയില്‍ സ്കൂളില്‍ സ്വന്തം കെട്ടിടം പണിയുന്നതിനായി 25 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ട് നാളേറെയായി. ഫെബ്രുവരിയില്‍ ശിലാസ്ഥാപനം നടത്തി. എന്നാല്‍, തുടര്‍പ്രവൃത്തി നടന്നില്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കെട്ടിടം പണിയുന്നതിന് 40 കോടി രൂപ അനുവദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.