ഫറോക്ക് മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം: നല്ലൂരിലെ 33 കെ.വി സബ് സ്റ്റേഷന്‍ 17ന് നാടിന് സമര്‍പ്പിക്കും

ഫറോക്ക്: കടലുണ്ടി റോഡില്‍ നല്ലൂര്‍ അത്തന്‍ വളവിലെ നിര്‍മാണം പൂര്‍ത്തീകരിച്ച 33 കെ.വി സബ് സ്റ്റേഷന്‍ 17ന് നാടിന് സമര്‍പ്പിക്കും. ഇതോടെ ഫറോക്ക് മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമാവും. നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച സബ് സ്റ്റേഷന്‍ 17ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വകുപ്പു മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വി.കെ.സി. മമ്മത് കോയ എം.എല്‍.എ അധ്യക്ഷത വഹിക്കും. വ്യവസായ മേഖലയായ ഫറോക്ക്, കടലുണ്ടി, രാമനാട്ടുകര തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ ഉയര്‍ന്ന വോള്‍ട്ടേജോടുകൂടി വൈദ്യുതി വിതരണം സാധ്യമാകും. ഇവിടങ്ങളില്‍ കടുത്ത വൈദ്യുതി ക്ഷാമം നേരിട്ടിരുന്നു. ആര്‍.എ.പി.ഡി.ആര്‍.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് 11 കെ.വി ഫീഡറുകളോടുകൂടിയാണ് സബ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്‍ഡോര്‍ സംവിധാനത്തില്‍ ആധുനിക സാങ്കേതികവിദ്യ പ്രകാരമാണ് സബ് സ്റ്റേഷന്‍െറ പ്രവര്‍ത്തനം. നല്ലൂരിലെ സബ് സ്റ്റേഷനില്‍ അതിനൂതമായ രണ്ട് ഇന്‍ഡോര്‍ സ്വിച്ച് ഗിയര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പാനലിലൂടെയായായിരിക്കും വൈദ്യുതി വിതരണം നിയന്ത്രിക്കുക. 15 സെന്‍റ് ഭൂമിയില്‍ നാലര കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സബ് സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂമില്‍ ഇന്‍ഡോര്‍ സ്വിച്ച് ഗിയര്‍ പാനലുകളുടെ അവസാന ഘട്ട പണികളും പൂര്‍ത്തിയായതായി കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. നല്ലളം 220 കെ.വി സബ് സ്റ്റേഷനില്‍നിന്ന് ഓവര്‍ ഹെഡ് ലൈന്‍ വഴിയാണ് വ്യവസായ മേഖലയായ ഫറോക്കിലേക്ക് വൈദ്യുതി ലഭ്യമായിരുന്നത്. മൂന്ന് സെക്ഷനുകളിലായി 75,000ത്തോളം ഉപയോക്താക്കളുണ്ട് നിലവില്‍. നല്ലളം, ചേളാരി, രാമനാട്ടുകര സബ് സ്റ്റേഷനുകളില്‍നിന്നാണ് ഇവിടങ്ങളിലേക്ക് വൈദ്യുതി എത്തിച്ചിരുന്നത്. നല്ലൂരിലെ സബ് സ്റ്റേഷന്‍ വരുന്നതോടെ രാമനാട്ടുകര സബ് സ്റ്റേഷനിലെ പെരുമുഖം ഫീഡറും നല്ലളം സബ് സ്റ്റേഷനില്‍നിന്നുള്ള ഫറോക്ക് ഫീഡറും പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ സാധിക്കും. സാധാരണ വൈദ്യുതി സബ് സ്റ്റേഷനുകളില്‍നിന്നു വ്യത്യസ്തമായി അഞ്ച് മെഗാവാട്ട് ആംപിയര്‍ ശേഷിയുള്ള രണ്ട് ട്രാന്‍സ്ഫോര്‍മറുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഇതിനായി 198 കോടി രൂപ ചെലവിട്ടാണ് കെ.എസ്.ഇ.ബി അധികൃതര്‍ പദ്ധതി തയാറാക്കിയത്. പ്രവര്‍ത്തനസജ്ജമായ പുതിയ സബ് സ്റ്റേഷന്‍ വഴി 75,000 ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വോള്‍ട്ടേജോടുകൂടി തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനാകുന്നതിന് പുറമെ മേഖലയിലെ ചെറുകിട വ്യവസായ ശാലകള്‍ക്കും ഏറെ ഗുണകരമാകും. ഫറോക്ക് ടൗണ്‍ അതിര്‍ത്തി കണക്കാക്കിയാണ് സബ് സ്റ്റേഷനില്‍നിന്നുള്ള വിതരണം നടക്കുക. ഇതിനു പുറമെ ചെറുവണ്ണൂര്‍ ബി.സി റോഡ്, ചുങ്കം, ചേളാരി, ഒലിപ്രംകടവ് ഫീഡറുകളിലും ഭാഗികമായി ഈ സബ് സ്റ്റേഷനില്‍നിന്നാകും വൈദ്യുതി വിതരണം നടക്കുക. ഇതിനായി പെരുമുഖം, ചാലിയം, മണ്ണൂര്‍, ഫറോക്ക് ടൗണ്‍ എന്നീ നാല് ഫീഡറുകള്‍ രൂപപ്പെടുത്തി വൈദ്യുതി വിതരണ സൗകര്യമൊരുക്കിയിട്ടുണ്ട്. ഏത് സാഹചര്യങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി നല്‍കാനാകുമെന്ന വിലയിരുത്തലിലാണ് അധികൃതരും ഉപയോക്താക്കളും. നിര്‍മാണം പൂര്‍ത്തീകരിച്ച സബ് സ്റ്റേഷനില്‍നിന്ന് ഫീഡറുകളിലേക്കും പുതുതായി സ്ഥാപിച്ച വിതരണ ട്രാന്‍സ്ഫോര്‍മറുകളിലേക്കും 15 ദിവസങ്ങള്‍ക്ക് മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി കടത്തിവിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.