താലൂക്ക് വികസന സമിതി പ്രഖ്യാപനം പാളി: വില്യാപ്പള്ളി ടൗണിലെ കുഴികള്‍ അടച്ചില്ല

വില്യാപ്പള്ളി: വടകര താലൂക്ക് വികസന സമിതിയില്‍ പ്രഖ്യാപിച്ച റോഡ് കുഴി അടക്കാനുള്ള അവസാന സമയമായ ഡിസംബര്‍ 31 കഴിഞ്ഞിട്ടും വില്യാപ്പള്ളി ടൗണിലെ കുഴികള്‍ അടച്ചില്ല. ടൗണിലെ നടുവില്‍ റോഡ് വലിയതോതില്‍ കുഴിഞ്ഞിരിക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് പതിവായിട്ടും അധികൃതര്‍ അവഗണിച്ച മട്ടാണ്. ശോച്യാവസ്ഥയുടെ പേരില്‍ സമരം പ്രഖ്യാപിച്ച മോട്ടോര്‍ തൊഴിലാളികള്‍ക്കും മറ്റും ഡിസംബര്‍ 31നകം വില്യാപ്പള്ളി മുതല്‍ ചേലക്കാട് വരെ റോഡിലെ കുഴികള്‍ അടക്കുമെന്ന് താലൂക്ക് വികസന സമിതിയില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, കുനിങ്ങാട്ട് മുതല്‍ ഏതാനും കിലോമീറ്റര്‍ പേരിന് അടക്കുക മാത്രമേ നടന്നിട്ടുള്ളൂ. എട്ട് ലക്ഷം രൂപ വകയിരുത്തിയതിനാല്‍ ഏതാണ്ട് പത്ത് കിലോമീറ്റര്‍ തകര്‍ന്നിരിക്കുന്ന റോഡ് കുഴിയടക്കല്‍ പ്രവൃത്തി പേരിന് മാത്രമാകുമെന്ന് പരാതി ഉയര്‍ന്നിരുന്നു. ടൗണില്‍ കൊളത്തൂര്‍ റോഡ് വന്നുചേരുന്ന ഭാഗം തകര്‍ന്നിട്ട് കാലങ്ങളായി. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുമുണ്ട്. ഇതാണിപ്പോള്‍ ഗതാഗതക്കുരുക്കിന് മുഖ്യകാരണം. വീതി കുറഞ്ഞ റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസിനും തലവേദനയായിരിക്കുകയാണ് റോഡിലെ കുഴികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.