കോഴിക്കോട്: ക്രമസമാധാന ചുമതല വഹിച്ച നഗരത്തിലെ ആദ്യത്തെ വനിത ഉദ്യോഗസ്ഥക്ക് ആഭ്യന്തര വകുപ്പ് സ്ഥലംമാറ്റം നല്‍കിയത് കസേരയില്ലാത്ത പോസ്റ്റിലേക്ക്. കഴിഞ്ഞ ദിവസം സിറ്റി പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ ഉമ ബെഹറയെ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് (എസ്.ഐ.യു) കോഴിക്കോട് എസ്.പി തസ്തികയിലേക്ക് മാറ്റിയതായാണ് ശനിയാഴ്ച ഇറങ്ങിയ ഉത്തരവ്. എന്നാല്‍, വിജിലന്‍സ് കോഴിക്കോട് യൂനിറ്റില്‍ അങ്ങനെയൊരു തസ്തിക ഇല്ല. വിജിലന്‍സില്‍ നിലവിലുള്ള രണ്ട് എസ്.ഐ യൂനിറ്റുകളുടെയും ആസ്ഥാനം തിരുവനന്തപുരമാണ്. കോഴിക്കോട് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ ഉണ്ടെങ്കിലും അതിന്‍െറ മേധാവിയായ സുനില്‍ ബാബുവിന് സ്ഥലംമാറ്റമില്ലതാനും. ഇല്ലാത്ത യൂനിറ്റിന്‍െറ എസ്.പിയായുള്ള നിയമനം സേനയിലെ സഹപ്രവര്‍ത്തകരെയും അന്താളിപ്പിച്ചു. കോന്നിയിലെ പ്ളസ് ടു വിദ്യാര്‍ഥിനികള്‍ പാലക്കാട് ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം മേധാവിയായിരുന്ന രാജസ്ഥാന്‍ സ്വദേശിയായ ഉമ 2007 ബാച്ച് അസം, മേഘാലയ കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. കേരള കാഡറിലേക്ക് മാറിയ ഉമ നേരത്തേ പൊലീസ് ആസ്ഥാനത്ത് എ.എ.ഐ.ജി ആയിരുന്നു. മലബാര്‍ സ്പെഷല്‍ പൊലീസിന്‍െറ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി എം.എസ്.പിയില്‍ കമന്‍ഡന്‍റ് പദവി അലങ്കരിച്ച വനിത എന്ന നിലയിലും ഇവരുടെ സര്‍വിസ് ശ്രദ്ധേയമായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നബാധിത മേഖലകളിലെ അനുഭവസമ്പത്തുണ്ട്. മേഘാലയയിലെ ജയന്തിയ ഹില്‍സ് എ.എസ്.പിയായാണ് ഉമയുടെ തുടക്കം. പിന്നെ ഷില്ളോങ് എ.എസ്.പി സ്വന്തം ബാച്ചില്‍പ്പെട്ട ദേബേഷുമായി വിവാഹം. എ.എസ്.പിയായി കേരളത്തില്‍ എത്തി. രണ്ടു ജില്ലകളില്‍ ക്രൈംബ്രാഞ്ച് എസ്.പിയായി. തണ്ടര്‍ബോള്‍ട്ട്സ് കമാന്‍ഡോ സംഘത്തിന്‍െറ കമാന്‍ഡന്‍റായി. പിന്നാലെ തീരരക്ഷാ വിഭാഗം എ.ഐ.ജിയായി സ്ഥാനമേറ്റു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയായും തൃശൂര്‍ റൂറല്‍ എസ്.പിയായും സേവനമനുഷ്ഠിച്ച ഇവര്‍ക്ക് എസ്.ടി.എഫ് വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.