അരൂരിലെ ബോംബേറ്: അന്വേഷണം ഊര്‍ജിതം

നാദാപുരം: അരൂരില്‍ തുടര്‍ച്ചയായുണ്ടായ ബോംബേറുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് രണ്ട് കേസെടുത്തു. തിങ്കളാഴ്ച രാത്രി ബോംബേറില്‍ പൊലീസ് വാഹനത്തിന്‍െറ ഗ്ളാസ് തകര്‍ന്ന സംഭവത്തിലും ഞായറാഴ്ച അരൂരില്‍ റോഡില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയതിനുമാണ് കേസ്. ചൊവ്വാഴ്ച രാത്രി പത്തേ മുക്കാലിനാണ് അരൂര്‍ കോട്ടുമുക്കില്‍ ബോംബേറുണ്ടായത്. റോഡില്‍ പതിച്ച് പൊട്ടിയ ബോംബിന്‍െറ ചീളുകള്‍ തെറിച്ച് പൊലീസ് ജീപ്പിന്‍െറ മുന്‍ ഭാഗത്തെ ഗ്ളാസ് തകര്‍ന്നിരുന്നു. പുതിയ സ്റ്റീല്‍ ബോംബാണ് അക്രമത്തിന് ഉപയോഗിച്ചത്. ഞായറാഴ്ച രാത്രിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍െറ വാഹന വ്യൂഹം കടന്നുപോയതിന് പിന്നാലെ കോട്ട്മുക്കിന് സമീപം ബോംബെറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രി വീണ്ടും ബോംബേറുണ്ടായത്. റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ നാദാപുരം സി.ഐ ജോഷി ജോസ്, എസ്.ഐ കെ.പി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മേഖലയില്‍ പൊലീസ്, ബോംബ്, ഡോഗ് സ്ക്വാഡുകള്‍ സംയുക്തമായി ആയുധങ്ങള്‍ക്കായി തിരച്ചില്‍ നടത്തി. ക്രമസമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് അരൂരിലുണ്ടാകുന്നതെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. വി.വി. മുഹമ്മദലി, കെ.ടി. അബ്ദുറഹ്മാന്‍, കെ. സജീവന്‍ എന്നിവരും ഒന്നിച്ചുണ്ടായിരുന്നു. സി.പി.ഐ, ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.ഇതിനിടയില്‍ ഇന്നലെ പുലര്‍ച്ചെ അരൂരിലെ കല്ലുംപുറത്ത് സി.പി.എം ബ്രാഞ്ച് കമ്മറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന കേളുവേട്ടന്‍ സ്മാരക മന്ദിരത്തിന്‍െറ ചുമരിലും മറ്റും കരിഓയിലൊഴിച്ച് വികൃതമാക്കി. കരിഓയില്‍ കൊണ്ടുവന്ന രണ്ട് ഒഴിഞ്ഞ പ്ളാസ്റ്റിക് കുപ്പികള്‍ കെട്ടിടത്തിന്‍െറ മുന്‍വശത്തെ റോഡില്‍നിന്ന് കണ്ടത്തെി. നാദാപുരം എസ്.ഐയും സംഘവും സ്ഥലത്തത്തെി പരിശോധന നടത്തി. പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് കല്ലുമ്പുറത്ത് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.