ഒടുവില്‍ ടെന്‍ഡറായി: കരിമ്പനപ്പാലത്തും പാലോളിപ്പാലത്തും പുതിയ പാലം വരുന്നു

വടകര: ദേശീയപാതയില്‍ വീതിക്കുറവിന്‍െറ പേരില്‍ ദുരിതംപേറുന്ന പാലോളിപ്പാലത്തെയും കരിമ്പനപ്പാലത്തെയും പാലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ടെന്‍ഡറായി. മൂന്നു മാസത്തിനുള്ളില്‍ പുതിയ പാലം യാഥാര്‍ഥ്യമാകുമെന്നാണ് അറിയുന്നത്. ഒരു ഭാഗത്ത് നടപ്പാലത്തോടുകൂടിയ രണ്ടുവരി പാതക്കുള്ള സൗകര്യത്തോടെ 12.90 മീറ്റര്‍ വീതിയില്‍ പാലം നിര്‍മിക്കാനാണ് പദ്ധതി. 45 മീറ്ററില്‍ ദേശീയപാത വികസനം വരുന്നമുറക്കാണ് ഇരുഭാഗത്തും നടപ്പാലം വരുക. അത് മൂന്‍കൂട്ടിക്കണ്ടാണ് ഒരുഭാഗത്ത് മാത്രം നടപ്പാലം ഒരുക്കുന്നത്. ദേശീയപാത വികസനം വരാനിരിക്കെ പുതിയ പാലം നിര്‍മിക്കേണ്ടതില്ളെന്ന വാദമുയര്‍ത്തി നാഷനല്‍ ഹൈവേ അതോറിറ്റി രംഗത്തുവരുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയുടെയും ജനപ്രതിനിധികളുടെയും സമ്മര്‍ദഫലമായാണ് ടെന്‍ഡറായത്. 10,000 പേരുടെ ഒപ്പുശേഖരിച്ച് അധികൃതര്‍ക്ക് നല്‍കുന്ന സമരപരിപാടികളുള്‍പ്പെടെ നാട്ടുകാര്‍ നടത്തിയിരുന്നു. ഇക്കാലമത്രയും ഇരുപാലത്തിലും കാല്‍നടക്കാര്‍ അനുഭവിച്ച ദുരിതത്തിന് കൈയുംകണക്കുമില്ലായിരുന്നു. അധികൃതര്‍ നടപടികള്‍ സ്വീകരിക്കാതെവന്നപ്പോള്‍ നാട്ടുകാര്‍ ഇരുഭാഗത്തും താല്‍ക്കാലിക പാലം നിര്‍മിക്കുകയായിരുന്നു. അടുത്തിടെയാണ് ദേശീയപാത വിഭാഗം ആറരലക്ഷം രൂപ ചെലവഴിച്ച് സ്റ്റീല്‍ പാലം നിര്‍മിച്ചത്. പാലോളിപ്പാലത്ത് ഒരു വര്‍ഷത്തിനിടെ നടന്ന 35ഓളം അപകടങ്ങളില്‍ എട്ടു പേരാണ് മരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ പാലത്തിന്‍െറ കൈവരിയില്‍ വാഹനങ്ങളിടിച്ച് 20ലേറെ തവണ തകരുകയും ചെയ്തു. കരിമ്പനപ്പാലത്തിന്‍െറ കൈവരികളും ഇതേ അവസ്ഥയിലാണ്. ദേശീയപാതയില്‍ ഇത്രയും വീതി കുറഞ്ഞതും അപകടഭീഷണി ഉയര്‍ത്തുന്നതുമായ പാലങ്ങള്‍ വേറെയുണ്ടാകില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേവലം എട്ടു മീറ്റര്‍ മാത്രമാണ് പാലത്തിന്‍െറ വീതി. ഒരു ബസോ ലോറിയോ കടന്നുവന്നാല്‍ മറ്റൊരു വാഹനത്തിനും എതിരെവരാനാകില്ല. രാത്രിയില്‍ ഇങ്ങനെ വരുന്ന വാഹനങ്ങളാണ് പാലം തകര്‍ക്കുന്നത്. കൈവരി ഇടിച്ചിടിച്ച് പാലത്തിന്‍െറ സുരക്ഷതന്നെ ഭീഷണിയിലായിരിക്കയാണ്. ഈ സാഹചര്യത്തില്‍ ഇതിനകം നടത്തിയ അറ്റകുറ്റപ്പണികളും ഏറെയാണ്. രണ്ടു പാലങ്ങളും പുതുക്കിപ്പണിയാന്‍ ഇവിടെ സ്ഥലമേറ്റെടുത്തിട്ട് വര്‍ഷങ്ങളായി. 30 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പുതിയ പാലങ്ങള്‍ക്കായി എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. 45 മീറ്ററില്‍ നാലു വരിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ ഇതു കുടുങ്ങുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ പാലത്തിന്‍െറ നിര്‍മാണപ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.