പെന്‍ഷന്‍ വിതരണം: ട്രഷറികളില്‍ വന്‍ തിരക്ക്

കോഴിക്കോട്: നോട്ട് പ്രതിസന്ധിക്ക് പൂര്‍ണ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തില്‍ ജില്ലയിലെ ട്രഷറികളില്‍ മാസാദ്യം വന്‍ തിരക്ക്. അതിരാവിലെതന്നെ മിക്കയിടത്തും വലിയ വരി പ്രത്യക്ഷപ്പെട്ടു. പെന്‍ഷനും ശമ്പളവുമെല്ലാം ജനുവരിയില്‍ മുടങ്ങിയേക്കുമെന്ന പ്രചാരണമുണ്ടായതോടെയാണ് വലിയ തിരക്കുണ്ടായത്. ഘട്ടം ഘട്ടമായി ബാങ്കുകള്‍ പണമത്തെിച്ചതിനാല്‍ വലിയ പ്രതിസന്ധി എവിടെയും ഉണ്ടായില്ല. നിയന്ത്രണത്തോടെയായിരുന്നു ഒട്ടുമിക്കയിടത്തും പെന്‍ഷനും ശമ്പളവും മറ്റും വിതരണം ചെയ്തത്. എല്ലായിടത്തുനിന്നും പരമാവധി 24,000 രൂപവരെയാണ് ലഭിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ മാത്രമാണ് മിക്കയിടത്തുനിന്നും വിതരണം ചെയ്തത് എന്നതിനാല്‍ ചില്ലറ കിട്ടാന്‍ പ്രായമായവര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടി. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പെന്‍ഷന്‍ പേമെന്‍റ് ട്രഷറി ആവശ്യപ്പെട്ട 1.82 കോടി രൂപ മൂന്നു ഘട്ടമായാണ് എസ്.ബി.ഐ മലാപ്പറമ്പ് ശാഖ അധികൃതര്‍ എത്തിച്ചത്. ഇവിടെ 18 ലക്ഷം രൂപ കഴിഞ്ഞദിവസം നീക്കിയിരിപ്പുണ്ടായിരുന്നു. അതിരാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ട ഇവിടെ ഇന്നലെ 1500ഓളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ 1100 ടോക്കണാണ് ഇവിടെ വിതരണം ചെയ്തത്. കോഴിക്കോട് ജില്ല ട്രഷറിയിലേക്ക് രണ്ടുകോടി ആവശ്യപ്പെട്ടിട്ട് ഒരുകോടി രൂപയാണ് ബാങ്ക് എത്തിച്ചത്. പെന്‍ഷന്‍കാരാണ് ഇവിടെ കൂടുതലും എത്തിയത്. താമരശ്ശേരി ജില്ല ട്രഷറിക്കും ഒരുകോടി രൂപയാണ് ലഭിച്ചത്. പെന്‍ഷന്‍കാര്‍ക്കാണ് ഇവിടെ കൂടുതല്‍ പരിഗണന നല്‍കിയത്. ഇതോടെ കോഓപറേറ്റിവ് ബാങ്കുകളുടെ ചെക്ക് കുറച്ചുമാത്രമാണ് പരിഗണിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ മാത്രമാണ് ഇവിടെനിന്ന് കൂടുതല്‍ വിതരണം ചെയ്തത്. മാനാഞ്ചിറ അഡീഷനല്‍ ട്രഷറിക്ക് 50 ലക്ഷം ആവശ്യപ്പെട്ടിട്ട് 50 ലക്ഷവും പുതിയറ സബ് ട്രഷറി 30 ലക്ഷം -15 ലക്ഷം, ഫറോക്ക് ഒരുകോടി -50 ലക്ഷം, കൊയിലാണ്ടി രണ്ടുകോടി -ഒരുകോടി, പേരാമ്പ്ര രണ്ടരക്കോടി -82 ലക്ഷം, പയ്യോളി ഒരുകോടി -50 ലക്ഷം, വടകര 10 കോടി -ഒരുകോടി, കല്ലാച്ചി നാലുകോടി -50 ലക്ഷം, തൊട്ടില്‍പ്പാലം -1.75 കോടി -57 ലക്ഷം, കൊടുവള്ളി ഒരുകോടി -30 ലക്ഷം, തിരുവമ്പാടി 50 ലക്ഷം -30 ലക്ഷം, മുക്കം ഒരുകോടി -20 ലക്ഷം, കൂരാച്ചുണ്ട് -ഒരുകോടി -75 ലക്ഷം, ബാലുശ്ശേരി രണ്ടുകോടി -60 ലക്ഷം എന്നിങ്ങനെയാണ് തുക ലഭിച്ചത്. മുക്കം സബ് ട്രഷറിക്ക് കഴിഞ്ഞ മാസത്തെപോലെതന്നെ ഇത്തവണയും നാമമാത്ര തുകയാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.