ജല ദുരുപയോഗം: മാവൂരില്‍ 148 പൊതുടാപ്പുകള്‍ വിച്ഛേദിക്കുന്നു

മാവൂര്‍: വരള്‍ച്ച മുന്നില്‍കണ്ട് വാട്ടര്‍ അതോറിറ്റി കര്‍ശന നടപടിക്ക്. മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലം ദുരുപയോഗം ചെയ്യുന്ന പൊതുടാപ്പുകള്‍ വിച്ഛേദിച്ചുതുടങ്ങി. ഗ്രാമീണ ശുദ്ധജല പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥാപിച്ച ആകെയുള്ള 287 പൊതുടാപ്പുകളില്‍ 148 എണ്ണമാണ് വിച്ഛേദിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലം ലഭിക്കുന്നില്ളെന്ന പരാതി പരിഹരിക്കാന്‍ കൂടിയാണ് നടപടി. പൊതുടാപ്പുകളില്‍ പലതും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. കൃഷി നനക്കാനും കന്നുകാലികളെ കുളിപ്പിക്കാനും മറ്റും ഉപയോഗിക്കുന്നതിനുപുറമെ അനാവശ്യമായി പൈപ്പ് തുറന്നിടുന്നതും കണ്ടത്തെി. താഴ്വാരങ്ങളിലുള്ള ഇത്തരം ദുരുപയോഗം കാരണം മേച്ചേരിക്കുന്ന്, തീര്‍ഥക്കുന്ന്, കച്ചേരിക്കുന്ന് കുതിരാടം, കോട്ടക്കുന്ന് തുടങ്ങിയ ഉയര്‍ന്നപ്രദേശങ്ങളില്‍ സ്വകാര്യ കണക്ഷന്‍ എടുത്തവര്‍ക്ക് അടക്കം ജലം കിട്ടുന്നില്ളെന്ന് പരാതി പതിവാണ്. ഈ സാഹചര്യത്തിലാണ് ജലം ദുര്‍വിനിയോഗം ചെയ്യുന്ന പൊതുടാപ്പുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഈകാര്യം ഗ്രാമപഞ്ചായത്തിനെ അറിയിക്കുകയും ജനപ്രതിനിധികളും ഗ്രാമപഞ്ചായത്ത് അധികൃതരും പരിശോധന നടത്തി വിച്ഛേദിക്കേണ്ട പൊതുടാപ്പുകളുടെ പട്ടിക തയാറാക്കി ജല അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. ഇതനുസരിച്ചാണ് പൊതുടാപ്പുകള്‍ ഒഴിവാക്കുന്നത്. ചിലയിടങ്ങളില്‍ ഒരു പൊതുടാപ്പിന് നല്‍കിയ അനുമതിയില്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കിയതായും കണ്ടത്തെിയിട്ടുണ്ട്. പലതും ജനപ്രതിനിധികളുടെയോ മറ്റോ ഒത്താശയോടെയാണെന്നും വിവരം കിട്ടിയിട്ടുണ്ട്. ഇവയും വിച്ഛേദിക്കും. കൂടാതെ, പരിശോധനയും നിരീക്ഷണവും തുടരുകയും പുതുതായി ദുരുപയോഗം കണ്ടത്തെിയാല്‍ അവയും നീക്കം ചെയ്യും. വലിയതുക കുടിശ്ശികയുള്ള സ്വകാര്യ കണക്ഷനുകളും ഇതോടൊപ്പം വിച്ഛേദിക്കുന്നുണ്ട്. പൊതുടാപ്പുകള്‍ വിച്ഛേദിച്ച സ്ഥലത്ത് പുതിയ കണക്ഷനുകള്‍ നല്‍കാനും തീരുമാനമുണ്ട്. നിലവില്‍ പൈപ്പ്ലൈനില്ലാത്ത പ്രദേശങ്ങളില്‍ പുതിയ പൈപ്പ് സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. കൂടാതെ, ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിലെ താത്തൂര്‍പൊയില്‍ പ്ളാന്‍റില്‍ 60 കുതിരശക്തിയുള്ള പുതിയ മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുള്ള രണ്ട് 60 എച്ച്.പി മോട്ടോറുകളില്‍ ഒന്ന് നേരത്തേ കേടുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.