വടകര: പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള റോഡ് സൗകര്യം മാത്രമാണിപ്പോഴും ഏറാമല പഞ്ചായത്തിന്‍െറ സിരാകേന്ദ്രമായ ഓര്‍ക്കാട്ടേരി ടൗണിലുള്ളൂ. അതുകൊണ്ടുതന്നെ, ടൗണ്‍ വികസനത്തിനായുള്ള മുറവിളിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ അജണ്ടയില്‍ മുട്ടുങ്ങല്‍-പക്രന്തളം റോഡ് വികസനത്തിനായി 41.5 കോടി രൂപയുടെ പദ്ധതിയാണുള്ളത്. ഈ റോഡ് ഓര്‍ക്കാട്ടേരി ടൗണ്‍ വഴി കടന്നുപോകുന്നതിനാല്‍ നേരത്തെ ആസൂത്രണം ചെയ്യ 10 കോടിയുടെ പ്രവൃത്തി മരവിപ്പിച്ചിരിക്കയാണ്. മുട്ടുങ്ങല്‍-പക്രന്തളം റോഡ് കടന്നുപോകുന്ന സ്ഥലങ്ങളെ പ്രതിനിധാനം ചെയ്യുന്ന എം.എല്‍.എമാരായ സി.കെ. നാണു, ഇ.കെ. വിജയന്‍, പാറക്കല്‍ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തില്‍ ഇതിനകം വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം ചേര്‍ന്നു. വികസനത്തിന്‍െറ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. ഓര്‍ക്കാട്ടേരി ടൗണില്‍ കച്ചവടക്കാരുമായി വികസനപ്രവൃത്തി സംബന്ധിച്ചുള്ള ധാരണയായതായി ഏറാമല പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എന്നാലീ പ്രവൃത്തിക്ക് കാലതാമസം വരുമോയെന്നുള്ള ആശങ്കയാണുള്ളത്. റോഡ് വികസനത്തിനായി ചിലയിടങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നുവരുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഓര്‍ക്കാട്ടേരി ടൗണില്‍ റോഡ് വികസനത്തിനും ശാസ്ത്രീയമായ അഴുക്കുചാല്‍ നിര്‍മിക്കുന്നതിനുമായി 10 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചത്. ഏറാമല ഗ്രാമപഞ്ചായത്ത് ഭരണസമിതി അന്നത്തെ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ച പ്രോജക്ടിന്‍െറ അടിസ്ഥാനത്തിലാണിത്. ഓര്‍ക്കാട്ടേരിയില്‍ റോഡിന് വീതിയില്ലാത്തതിനാല്‍ ഗതാഗതക്കുരുക്ക് പതിവാണ്. തുരുത്തിമുക്ക്-കുന്നുമ്മക്കര റോഡ്, വൈക്കിലശ്ശേരി റോഡ്, മുയിപ്ര-കുറിഞ്ഞാലിയോട് റോഡ്, കെ.എസ്.ഇ.ബി റോഡ്, കാര്‍ത്തികപ്പള്ളി റോഡ് തുടങ്ങിയ റോഡുകളില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങള്‍ പ്രധാനറോഡിലേക്ക് വന്നിറങ്ങുന്നതോടെ ടൗണ്‍ കുരുക്കിന്‍െറ പിടിയിലാവും. സാമൂഹികാരോഗ്യകേന്ദ്രം, സബ് സ്റ്റേഷന്‍, മൂന്ന് സ്കൂളുകള്‍ തുടങ്ങി മറ്റ് നിരവധി സ്ഥാപനങ്ങളും ടൗണിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നുണ്ട്. ഒഴിയാക്കുരുക്ക് കാരണം, ഇവിടങ്ങളിലേക്ക് പോവേണ്ട യാത്രക്കാരും പ്രയാസത്തിലാണ്. ഈ സാഹചര്യത്തിലാണ്, രാഷ്ട്രീയ പാര്‍ട്ടികളുടെയും കച്ചവടക്കാരുടെയും സഹകരണത്തോടെ നേരത്തെതന്നെ വികസനപ്രവൃത്തിക്കായുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. എന്നാല്‍, സംസ്ഥാന സര്‍ക്കാറിന് മുമ്പില്‍ ദേശീയപാത വികസനം, അതിവേഗ റെയില്‍പാത എന്നീ ബൃഹത്തായ പദ്ധതികളുണ്ട്. ഇതിനിടയില്‍ ഇത്തരം പ്രവൃത്തികള്‍ അവതാളത്തിലാകുമോ എന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. എന്നാല്‍, കാലം ഏറെ മാറിയിട്ടും റോഡ് സൗകര്യത്തിന്‍െറ കാര്യത്തില്‍ നാം ഏറെ പിറകിലാണെന്നും നിലവില്‍ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും സി.കെ. നാണു എം.എല്‍.എ പറഞ്ഞു. അതിനാല്‍ മുട്ടുങ്ങല്‍-പക്രന്തളം റോഡ് പ്രവൃത്തി കാലതാമസം കൂടാതെ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.