അധികൃതരുടെ അനാസ്ഥ: ചേളന്നൂരില്‍ വീണ്ടും നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തുന്നു

ചേളന്നൂര്‍: വില്ളേജ് ഓഫിസ്, കൃഷിഭവന്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ കണ്‍മുന്നില്‍ വീണ്ടും നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തുന്നു. നെല്‍വയല്‍ സംരക്ഷിക്കേണ്ടവര്‍ ഉറക്കംനടിക്കുന്നതിനാല്‍ ഒരു കൂസലുമില്ലാതെയാണ് നീര്‍ക്കെട്ടില്‍ മണ്ണുവീഴുന്നത്. ബാലുശ്ശേരി റോഡില്‍ പെരുമ്പൊയിലിനും ഒമ്പതേ ഒന്നിനും ഇടയില്‍ വന്‍തോതില്‍ നീര്‍ത്തടം നികത്താന്‍ തുടങ്ങി. കൊടുംവരള്‍ച്ചയിലും അനുഗ്രഹമായ പെരുമ്പൊയിലിലെ വട്ടോളിച്ചാല്‍ നീരൊഴുക്കിനും ഭീഷണിയായി സ്വകാര്യ വ്യക്തി നിരവധി ലോഡ് മണ്ണിറക്കി സ്ഥലം നികത്തിക്കഴിഞ്ഞു. 2008ന് മുമ്പ് നികത്തിയ ഭൂമിയാണെന്നും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും പരിശോധനയില്‍ ഉറപ്പുവരുത്തിയതിനു ശേഷമേ മണ്ണിടാന്‍ അനുവദിക്കാവൂ എന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും നിയമം കാറ്റില്‍ പറത്തി മണ്ണിടല്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ മെച്ചപ്പെട്ട രീതിയില്‍ കൃഷിചെയ്തുവരുന്ന പഞ്ചായത്ത് എന്ന ഖ്യാതിയും ചേളന്നൂരിന് ഇതുമൂലം നഷ്ടമാകുകയാണ്. ഊട്ടുകുളം-ഏഴേ ആറ് റോഡില്‍ റോഡിന്‍െറ ഇരുവശങ്ങളിലായി നീര്‍ത്തടം നികത്താന്‍ തുടങ്ങിയിട്ടുണ്ട്. കവുങ്ങിന്‍ തോപ്പുള്ള സ്ഥലത്തേക്ക് നിരവധി ലോഡ് മണ്ണിറക്കിയിരിക്കുകയാണ്. സമീപമുള്ള സ്ഥലത്ത് കിണര്‍ കുഴിക്കുമ്പോളുള്ള മണ്ണുള്‍പ്പെടെ ഉപയോഗിച്ച് നികത്തല്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പാലത്ത്-എരവന്നൂര്‍ റോഡില്‍ പാലോളിത്താഴം വരെയുള്ള ഭാഗങ്ങളില്‍ റോഡരികില്‍ പല സ്ഥലങ്ങളിലായി മണ്ണ് കൂട്ടിയിരിക്കുകയാണ്. പലയിടത്തും നികത്തലിന്‍െറ ആദ്യ ഘട്ടമായി റോഡിനോട് ചേര്‍ന്നുള്ള ഭാഗത്ത് കപ്പയോ വാഴയോ വെച്ച ശേഷം കൃഷി വളരുന്നതോടൊപ്പം സാവകാശം ചുറ്റുപാടും കാര്‍ഷിക വൃത്തിക്കെന്ന വ്യാജേന മണ്ണ് നിക്ഷേപിച്ചു നിരത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷത്തിനിടെ ഹെക്ടറുകള്‍ കണക്കിന് വയല്‍ നികത്തി മിശ്രവിളകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു. വാഴകൃഷിയില്ലാത്ത നെല്‍വയലുകള്‍ ഇല്ളെന്നുതന്നെ പറയാം. എടക്കര, തൂണുമണ്ണില്‍, അന്നശ്ശേരി ഭാഗങ്ങളില്‍ ചെങ്കല്‍ ഖനനം നടക്കുന്ന സ്ഥലത്തുനിന്ന് കുന്നിടിച്ച് വന്‍തോതില്‍ മണ്ണെടുത്ത് ടിപ്പറുകളിലാക്കി നിര്‍ബാധം റോഡരികിലുള്ള വയലുകളിലേക്ക് തള്ളുന്നതും പതിവായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.