കുന്ദമംഗലം: സാന്‍ഡോസ് കുന്ദമംഗലം അഖിലേന്ത്യ സെവന്‍സ് ഫുട്ബാളില്‍ അല്‍മദീന ചെര്‍പ്പുളശ്ശേരി ജേതാക്കളായി. ഫിഫ മഞ്ചേരിയുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ കളി സമയം കഴിഞ്ഞപ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം സ്കോര്‍ ചെയ്ത് തുല്യത പാലിച്ചതിനാല്‍ ടോസിലൂടെയാണ് ജേതാക്കളെ നിര്‍ണയിച്ചത്. സെല്‍ഫ് ഗോളിന് പിറകില്‍ നിന്നശേഷം ലൈബീരിയന്‍ താരം ഫ്രാന്‍സിസ് നേടിയ ഗോളിലൂടെ സമനില പിടിച്ച ഫിഫ മഞ്ചേരിയെ പക്ഷേ, ടോസില്‍ ഭാഗ്യം തുണച്ചില്ല. കാണികള്‍ ഗ്രൗണ്ടിലേക്കിറങ്ങി നിന്നതിനാല്‍ ടൈബ്രേക്കര്‍ പെനാല്‍റ്റി അടിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ടോസിലൂടെ വിധി നിര്‍ണയിക്കുകയായിരുന്നു. സമാപനചടങ്ങില്‍ ടൂര്‍ണമെന്‍റ് കമ്മിറ്റി ചെയര്‍പേഴ്സണും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ ടി.കെ. സീനത്ത് ജേതാക്കള്‍ക്കുള്ള ട്രോഫി നല്‍കി. ടൂര്‍ണമെന്‍റിലെ മികച്ച താരമായി സുധീഷ് കുട്ടനെയും (ഫിഫ മഞ്ചേരി) മികച്ച വിദേശതാരമായി ഐവറികോസ്റ്റ് താരം ഡിമരിയയും (അല്‍മദീന, ചെര്‍പ്പുളശ്ശേരി) തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്‍റ് കമ്മിറ്റി കണ്‍വീനര്‍ കോയമോന്‍ ടാസ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.