നോട്ട് പ്രതിസന്ധി: വറുതിയുടെ അമ്പതും കടന്ന് നിരാശയുടെ കടലില്‍

കോഴിക്കോട്: അമ്പത് ദിവസം സഹിച്ചാല്‍ മതിയല്ളോ എന്നായിരുന്നു ആശ്വാസം. ആ നെല്ലിപ്പലകയും കടന്നതോടെ ബാങ്കുകളും ഇടപാടുകാരും നിരാശയിലായി. പണ പ്രതിസന്ധി രൂക്ഷമാവും എന്നാണ് ബാങ്കുകളുടെ വിലയിരുത്തല്‍. ശനിയാഴ്ച രാത്രി പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തിലും പണമിടപാട് സംബന്ധിച്ച് കാര്യമായ ഇളവുകള്‍ പ്രഖ്യാപിക്കാത്തതാണ് പൊതുജനങ്ങളില്‍ നിരാശപരത്തുന്നത്. റിസര്‍വ് ബാങ്കില്‍നിന്ന് കൂടുതല്‍ പണം കിട്ടിയില്ളെങ്കില്‍ ഈ ആഴ്ച പണമില്ലാതെ വലയുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ജില്ലയിലെ എല്ലാ ബാങ്കിലും ആര്‍.ബി.ഐയില്‍നിന്ന് പണം ലഭിച്ചതിനാല്‍ ഈ ആഴ്ച പണം ലഭിക്കാന്‍ ഇടയില്ളെന്നും ബാങ്കുകള്‍ ആശങ്കപ്പെടുന്നു. കഴിഞ്ഞ ആഴ്ച ലഭിച്ച പണം തന്നെ ട്രഷറിയിലേക്കും എ.ടി.എമ്മിലേക്കും നീക്കേണ്ടിവരും. ശനിയാഴ്ച രണ്ടായിരത്തിന് പുറമെ അഞ്ഞൂറ്, നൂറ് രൂപ നോട്ടുകള്‍ ലഭിച്ചിരുന്നു. ഇവ പരമാവധി എ.ടി.എമ്മുകള്‍ നിറക്കാന്‍ ഉപയോഗിക്കാനാണ് ബാങ്കുകള്‍ക്ക് ആര്‍.ബി.ഐയില്‍നിന്ന് ലഭിച്ച നിര്‍ദേശം. ശേഷിക്കുന്ന പണത്തില്‍ വലിയ ഒരു പങ്ക് ട്രഷറിയിലേക്കും നീങ്ങുന്നതോടെ ബാങ്കുകള്‍ കാലിയാവും. ശമ്പളത്തിന്‍െറ ദിനങ്ങളാണ് വരുന്നത് എന്നതിനാല്‍ ഒരാഴ്ച വന്‍തോതില്‍ പണം വേണ്ടിവരും. സംസ്ഥാനത്ത് 9000 എ.ടി.എമ്മുകള്‍ ഉള്ളതായാണ് കണക്ക്. മിക്ക ജില്ലകളിലും ആയിരത്തിന് അടുത്ത് എ.ടി.എമ്മുകള്‍ ഉണ്ട്. ഓരോന്നും പ്രതിദിനം ശരാശരി അഞ്ഞൂറ് പേര്‍ ഉപയോഗിക്കുന്നതായാണ് കണക്ക്. ഇതുപ്രകാരം സംസ്ഥാനത്ത് ഒരു ദിവസം എ.ടി.എമ്മില്‍ 2025 കോടി വേണ്ടിവരും. ഒരാഴ്ചത്തേക്ക് 14000 കോടിയും വേണ്ടിവരും. ഓരോ ജില്ലയിലും 150 കോടിയോളം വേണ്ടിവരും. ഇതിന് പുറമെയാണ് ബാങ്കുകളില്‍ പണം വേണ്ടിവരുന്ന പണം. വലിയ ബ്രാഞ്ചുകളില്‍ പ്രതിദിനം ആയിരത്തോളം പേരാണ് പണം പിന്‍വലിക്കാന്‍ എത്തുന്നത്. ഇവര്‍ക്ക് 24000 തോതില്‍ ഒരു രണ്ടരക്കോടി രൂപ വേണം. ഇത്തരത്തിലുള്ള പത്ത് ബാങ്കുകളെങ്കിലും ജില്ലയില്‍ ഉണ്ടാവും. എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുക 4500 ആക്കിയതോടെ പിന്‍വലിക്കുന്ന തുകയുടെ അളവും കൂടും. ഇതും പണപ്രതിസന്ധി രൂക്ഷമാക്കും. ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24000 രൂപയില്‍നിന്ന് വര്‍ധിപ്പിക്കാത്തതിനാല്‍ കൈയിലുള്ള പണം ചെലവഴിക്കാന്‍ ആളുകള്‍ മടിക്കുന്ന സ്ഥിതി രൂക്ഷമാക്കും. ഇതോടെ പണനിക്ഷേപം ഇനിയും കുറയാന്‍ ഇടയാക്കും. വിവാഹം, നിര്‍മാണപ്രവൃത്തികള്‍ എന്നിവയും അനിശ്ചിതത്വത്തിലാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.