ഇന്ന് കർഷക ദിനം

പാഠമാക്കാം ഈ കാർഷിക ജീവിതം പഴമയെ കൈവിടാതെ ജെയിംസ് സുല്‍ത്താന്‍ ബത്തേരി: ട്രാക്ടറും ടില്ലറും കീഴടക്കിയ നെല്‍പാടത്ത് നാടന്‍ പാട്ടി​െൻറ ശീലോടെ ഓലത്തൊപ്പിക്കുടയും ചൂടി കന്നുപൂട്ടി വിത്തിറക്കി വ്യത്യസ്തനാവുകയാണ് ബത്തേരി ആര്‍മാട് മണ്ണപ്പുറത്ത് ജെയിംസ്. കലപ്പയും മരവും നുകവും ഞവരിയും ഒക്കല്‍കല്ലും അടങ്ങുന്ന കാര്‍ഷികോപകരണങ്ങള്‍ ഉപയോഗിച്ച് കൃഷിയിറക്കുന്ന അപൂര്‍വം കര്‍ഷകരില്‍ ഒരാളാണിദ്ദേഹം. കാലങ്ങളായി പിന്തുടരുന്ന കാര്‍ഷികസംസ്‌കാരം കൈവിടാതിരിക്കാന്‍ നെല്‍കൃഷി ചെയ്യുകയാണ് ഈ പരമ്പരാഗത കര്‍ഷകന്‍. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ജെയിംസ് പാടത്തെ പണിക്കിറങ്ങിത്തുടങ്ങിയിട്ട് നാലു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. പിതാവ് വര്‍ഗീസില്‍നിന്നാണ് കൃഷിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ബിരുദാനന്തര ബിരുദം നേടിയെങ്കിലും മണ്ണിനോടും പ്രകൃതിയോടുമുള്ള സ്‌നേഹം കൃഷിയിടത്തില്‍ പിടിച്ചുനിര്‍ത്തി. പിന്നീടുള്ള ശ്രമം നല്ല കര്‍ഷകനാവാനായിരുന്നു. വയലൊരുക്കലും പൂട്ടലും മരമടിയും വിതക്കലും കൊയ്ത്തും ഒക്കലുമെല്ലാം അങ്ങനെ ജീവിതത്തി​െൻറ ഭാഗമായി. കാലാവസ്ഥ വ്യതിയാനവും അമിതമായ ഉല്‍പാദന െചലവും തൊഴിലാളി ക്ഷാമവും മൂലം പ്രദേശത്തെ മറ്റു കര്‍ഷകര്‍ പാടശേഖരങ്ങളില്‍ ചെറുകാനകള്‍ തീര്‍ത്ത് വെള്ളം വറ്റിച്ച് കരയാക്കി മാറ്റി വാഴയും ഇഞ്ചിയുമടക്കമുള്ള തന്നാണ്ട് കൃഷി രീതിയിലേക്ക് വഴി മാറിയപ്പോള്‍ നെല്‍കൃഷി ഉപേക്ഷിക്കാന്‍ ജെയിംസ് തയാറായില്ല. നെല്‍കൃഷി നഷ്ടമാണെന്ന് പറയുമ്പോഴും ത​െൻറ പാടത്ത് നൂറുമേനിവിളയിച്ചാണ് ജെയിംസ് ശ്രദ്ധേയനാകുന്നത്. ഒരേക്കര്‍ പാടത്ത് പതിമൂന്ന് കണ്ടത്തിലാണ് കൃഷിയുള്ളത്. കാലങ്ങളായി കാത്തുവെച്ച തൊണ്ടി, പുന്നാടന്‍ തൊണ്ടി, ചേറാടി, അരുവാംവെള്ള, ഞവര, വാളിച്ച, ഗോതമ്പ്, ഓവുംപുഞ്ച എന്നീ പഴയ നെല്‍വിത്തുകള്‍ പല കാലങ്ങളായി കൈമോശം വന്നു. ആയിരംകണ, ഐശ്വര്യ, ജ്യോതി എന്നിവയും സുഗന്ധം പരത്തുന്ന ഗന്ധകശാലയുമാണിപ്പോള്‍ കൃഷിചെയ്യുന്നത്. പതിമൂന്ന് കണ്ടത്തിലും പോത്തിനെ കെട്ടിയ കലപ്പകൊണ്ടുതന്നെയാണ് ഇപ്പോഴും ഉഴുതുമറിക്കുന്നത്. ട്രാക്ടറും ടില്ലറും ഉപയോഗിച്ച് ഉഴുതുമ്പോള്‍ താഴ്ച്ച കൂടാനും കുറയാനും സാധ്യതയുണ്ട്. എല്ലായിടത്തും ഒരുപോലെ വെള്ളവും വളവും ലഭിക്കാന്‍ ഇത് തടസ്സമാകും. ചെറു വേനലില്‍ തന്നെ നെല്ല് കരിഞ്ഞുപോകുന്നത് ഇതുകൊണ്ടാണെന്നാണ് ജെയിംസ് പറയുന്നത്. ഓരോ ചാലും ഉഴുതശേഷം ചപ്പും ചവറുമിട്ട് മൂടി വെള്ളം കെട്ടി നിര്‍ത്തും. പച്ചപ്പ് ചീഞ്ഞ് വളമാവുന്നതോടെ നല്ല വിളവും ലഭിക്കും. നെഞ്ചൊപ്പം താഴ്ന്നുപോകുന്ന കുരവകണ്ടത്തില്‍ വാഴയുടെ തടയിട്ട് അതില്‍നിന്നുകൊണ്ടാണ് ഞാറുനടുന്നത്. പ്രകൃതിയോടിണങ്ങിയുള്ള കൃഷിരീതിയായതിനാല്‍ വളത്തി​െൻറയും കീടനാശിനികളുടെയും ആവശ്യം വരുന്നില്ല. ഞാറു നടീലിനും കൊയ്ത്തിനും മാത്രമാണ് തൊഴിലാളികളെ ആവശ്യം വരുന്നത്. കൊയ്ത്തിന് കുടുംബവും സഹായത്തിനെത്തും. കുട്ടയും വട്ടിയും മുറവും പറയുമൊക്കെയടങ്ങുന്ന പരമ്പരാഗത കാര്‍ഷികോപകരണങ്ങള്‍ തന്നെയാണ് കൊയ്ത്തിനും ഉപയോഗിക്കുന്നത്. നെല്‍കൃഷി കൂടാതെ ആപ്പിള്‍, മുന്തിരി, സപ്പോട്ട, ജൂബിക്ക തുടങ്ങിയ പഴവര്‍ഗങ്ങളും ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും കൃഷിചെയ്യുന്നുണ്ട്. കന്നുകാലി വളര്‍ത്തലും മറ്റൊരു ഉപജീവന മാര്‍ഗമാണ്. വൈക്കോലാണ് കന്നുകാലിയുടെ വേനല്‍ക്കാലത്തെ തീറ്റ. നിരവധി ഗവേഷക വിദ്യാര്‍ഥികളും കര്‍ഷകരുമാണ് കൃഷിരീതികള്‍ പഠിക്കാനായി ജെയിംസി​െൻറ കൃഷിയിടത്തിലെത്തുന്നത്. പഞ്ചായത്തിലെ പരമ്പരാഗത കര്‍ഷകന്‍ എന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും ആദരവും ലഭിച്ചിട്ടുണ്ട്. ലില്ലിയാണ് ഭാര്യ. മക്കള്‍ ലിന്‍സനും ലിന്‍സിയും. എൻ.ആർ. അരുൺ WEDWDL18 ജെയിംസ് വയൽപൂട്ടുന്നു -------------------------- ആയുർവേദത്തിനൊപ്പം കൃഷിപാഠവും പകർന്ന് ആൻറണി വൈദ്യർ കാക്കവയൽ: ആയുർവേദ ചികിത്സകനായ വാഴവറ്റയിലെ ആൻറണി വൈദ്യരെ എല്ലാവർക്കുമറിയാം. എന്നാൽ, അദ്ദേഹത്തി​െൻറ ആയുർവേദ ആശുപത്രി നിൽക്കുന്ന ചെറിയ സ്ഥലം ഇന്ന് പലവിധ കാർഷിക വിളകളുടെയും കൂടി കേന്ദ്രമാണ്. കുറഞ്ഞ സ്ഥലത്ത്് നൂതന രീതിയിൽ കൃഷിചെയ്താണ് ആൻറണി വൈദ്യർ മാതൃകയാകുന്നത്. ഇഞ്ചിയും കുരുമുളകും പച്ചക്കറികളും എല്ലാം കൃഷി ചെയ്യുന്നുണ്ട്. ആശുപത്രിയിൽ ചികിത്സക്കെത്തുന്നവർക്കുള്ള ഭക്ഷണത്തിനായി പച്ചക്കറി വാങ്ങാനും മറ്റെവിടെയും ഇപ്പോൾ പോകാറില്ല. എല്ലാം സ്വന്തമായി കൃഷിചെയ്യുകയാണ് വൈദ്യർ. 25 വർഷം മുമ്പാണ് ആയുർവേദ കോഴ്സ് കഴിഞ്ഞ് കല്ലുപാടിയിൽ ചെറിയ ക്ലിനിക് ആരംഭിക്കുന്നത്. പിന്നീട് 2012ൽ പ്രമുഖ ആയുർവേദ സ​െൻററി​െൻറ ബ്രാഞ്ച് തുടങ്ങി. ആശുപത്രിക്കും കൃഷിക്കും ഒപ്പം ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായ ആൻറണി സ്കൂളുകളും മറ്റു സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യത്തി​െൻറ വീട്ടറിവുകൾ എന്ന ബോധവത്കരണ ക്ലാസും എടക്കുന്നുണ്ട്. ആശുപത്രിയിലെ തിരക്കിനിടയിലും കൃഷിയെയും കൃഷിപരിപാലനത്തെയും ആൻറണി കൈവിട്ടിരുന്നില്ല. വീടിനും വീടിനോടുചേർന്നുള്ള ആശുപത്രി കെട്ടിടങ്ങളോടും ചേർന്നാണ് ആൻറണിയുടെ കൃഷിയിടവും ഉള്ളത്. കൃഷിക്കുള്ള മഴവെള്ള സംഭരണിയും ഇവിടെ നിർമിച്ചിട്ടുണ്ട്. 34 സ​െൻറിനുള്ളിൽ പറ്റുന്നതൊക്കെ കൃഷിചെയ്തിട്ടുണ്ട്. 200ഒാളം ചാക്കിനുള്ളിൽ മണ്ണു നിറച്ചുള്ള ഇഞ്ചി കൃഷിയും അടക്ക ചകിരിയിൽ വളർത്തുന്ന കുരുമുളകുമാണ് ആൻറണിയുടെ വേറിട്ട കൃഷിപാഠങ്ങളിൽ പ്രധാനപ്പെട്ടത്. പാഴായിപോകുന്ന അടക്ക ചകിരി നിറച്ച ഗ്രിൽ ചെയ്ത തൂണിനു ചുറ്റുമാണ് കുരുമുളക് തൈ വളർന്നുപടരുക. യഥേഷ്ടം വെള്ളവും വളവും ലഭിക്കാനും കൂടുതൽ വിളവ് ലഭിക്കാനും സ്ഥലം ലാഭിക്കാനും ഇതിലൂടെ കഴിയും. പന്നിയൂർ, മലബാർ, പൗർണമി തുടങ്ങിയ ഒട്ടുമിക്ക എല്ലാ ഇനങ്ങളുമുണ്ട്. പെപ്പർ തെക്കനും കൃഷിചെയ്യുന്നുണ്ട്. പയറുവർഗങ്ങൾ, തക്കാളി, കാന്താരി മുളക്, വെണ്ട തുടങ്ങിയ വിവിധയിനം പച്ചക്കറികൾക്ക് പുറമെ മീൻ, പക്ഷികൾ എന്നിവയും ഇവിടെ വളർത്തുന്നുണ്ട്. ആശുപത്രിയിലെ 13ഒാളം ജീവനക്കാർക്കും അഡ്മിറ്റാകുന്നവർക്കുമെല്ലാം ശുദ്ധമായ ജൈവപച്ചക്കറി ഉപയോഗിച്ചാണ് ഭക്ഷണമുണ്ടാക്കുന്നത്. നിശ്ചയദാർഢ്യവും താൽപര്യവുമുണ്ടെങ്കിൽ സ്ഥലപരിമിതിയെയും മറികടന്ന് കൃഷിയിൽ വിജയിക്കാമെന്ന് തെളിയിക്കുകയാണ് ആൻറണി വൈദ്യർ. ഭാര്യ ആനീസും മകൻ അനീഷ് ആൻറണിയും പിതാവിന് പിന്തുണയായി കൂടെയുണ്ട്. ജിനു എം. നാരായണൻ WEDWDL16 ആൻറണി വൈദ്യർ കൃഷിയിടത്തിൽ ------------------------------------------ കൃഷിയില്‍ ബാബുവി​െൻറ വിജയഗാഥ വടുവഞ്ചാല്‍: കൃഷി നഷ്ടമാണെന്ന് ഒറ്റവാക്കില്‍ പറഞ്ഞാല്‍ വടുവഞ്ചാല്‍ സ്വദേശിയായ നെല്ലിമൂട്ടില്‍ ബാബു എന്ന കർഷകന്‍ കണ്ണുമടച്ച് അതംഗീകരിച്ചുതരില്ല. കൃഷിയെ ലാഭകരമാക്കിത്തീർക്കേണ്ടതാണെന്ന് ബാബു പറയും. കാപ്പി, കുരുമുളക്, വാഴ, പഴവർഗങ്ങള്‍, ആടുവളർത്തല്‍, മീന്‍വളർത്തല്‍ തുടങ്ങി ചെയ്യുന്നതിലെല്ലാം ബാബുവിന് തനതായ ശൈലിയുണ്ട്. ആ രീതികള്‍ അവലംബിക്കുന്നതിലൂടെയാണ് ബാബുവി​െൻറ കൃഷി ലാഭകരമായ തൊഴിലായി മാറുന്നത്. കൃഷി ലാഭകരമാക്കണമെങ്കില്‍ സമർപ്പണ മനോഭാവവും ശാസ്ത്രീയ രീതികളെക്കുറിച്ചുള്ള പഠനവും അനിവാര്യമാണെന്ന് ബാബു പറയുന്നു. ആധുനിക കൃഷിരീതികള്‍ മനസ്സിലാക്കാനായി വിവിധ വിദേശ രാജ്യങ്ങള്‍ സന്ദർശിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കൃഷിരീതികളും നേരിട്ട് കണ്ടറിഞ്ഞു. അങ്ങനെയാണ് ആധുനികവും കൂടുതല്‍ ലാഭകരവുമായ കൃഷി രീതികളിലേക്ക് നീങ്ങാന്‍ ബാബു തയാറായത്. കാപ്പി, കുരുമുളക്, ഫലവൃക്ഷങ്ങള്‍, പഴവർഗങ്ങള്‍, മത്സ്യകൃഷി, ആടുവളർത്തല്‍ എല്ലാം പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 10 ഏക്കറിലധികം കൃഷിഭൂമി ബാബുവിനുണ്ട്. ഭാര്യയും മകനുമൊക്കെ നിറഞ്ഞ പിന്തുണ നൽകുകയും ചെയ്യുന്നു. ജൈവ കൃഷിരീതിയാണ് ബാബു പിന്തുടരുന്നത്. നല്ല വിളവുതരുന്ന ചന്ദ്രഗിരി കാപ്പി, തൃശൂർ മണ്ണുത്തി ഫാമില്‍നിന്ന് കൊണ്ടുവന്ന ജാതി, വാനില മുതലായവയൊക്കെ ബാബുവി​െൻറ കൃഷിയിടത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്. ഒരു ഏക്കറില്‍നിന്ന് 7500 കിലോ കാപ്പിവരെ ബാബുവിന് വിളവ് ലഭിച്ചിട്ടുണ്ട്. നല്ലയിനം ആടുകളെ വളർത്തുകയെന്നതായി അടുത്ത പദ്ധതി. ആടുകള്‍ക്കുവേണ്ടി ഏഴുലക്ഷം രൂപ െചലവഴിച്ച് ആധുനിക രീതിയില്‍ കൂടൊരുക്കി. ആട്ടിന്‍കാഷ്ഠവും മൂത്രവുമൊക്കെ പ്രത്യേകം അറകളില്‍ ശേഖരിക്കാനുള്ള സംവിധാനമുള്ള കൂടാണിത്. ആടുകളെ വാങ്ങാന്‍ ചെലവഴിച്ചത് മൂന്നു ലക്ഷം രൂപയാണ്. കൂടുതല്‍ പാല്‍, മാംസം എന്നിവ ലഭിക്കുന്നയിനം ആടുകളെ വാങ്ങാനും വളർത്താനുമാണ് ബാബു ശ്രമിച്ചത്. ഷിരോഗി, കരോളി, ജമുനാപ്യാരി തുടങ്ങി ലോകത്തിലെ ഏറ്റവും വിലകൂടിയ 'ബീറ്റില്‍സ്' വരെ ബാബുവി​െൻറ കൂട്ടില്‍ വളരുന്നുണ്ട്. മലബാറിയെന്ന നാടന്‍ ഇനം ആടുകളും ഉൾപ്പെടെ എട്ടിനം ആടുകളുണ്ട്. ആടി​െൻറ മൂത്രം ഒന്നാന്തരം കീടനാശിനിയാണെന്ന് ബാബു പറയുന്നു. കാഷ്ഠം വളവുമാണ്. ഇവ സ്വന്തം കൃഷിയിടത്തില്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. ആടുകള്‍ക്ക് തീറ്റയും വെള്ളവുമെല്ലാം തികച്ചും ശാസ്ത്രീയമായിത്തന്നെ നല്‍കാന്‍ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. മുന്തിയയിനം ആടുകളെ അന്വേഷിച്ച് നിരവധി പേർ എത്താറുണ്ട്. ആടുകള്‍ക്ക് നല്ല വിലയും ലഭിക്കുന്നുണ്ട്. പൈനാപ്പിള്‍, പപ്പായ, മാവ്, ചെറി തുടങ്ങിയ പഴവർഗങ്ങളും ബാബു കൃഷി ചെയ്യുന്നു. പച്ചക്കറിയിനങ്ങളും ബാബു കൃഷി ചെയ്തുവരുന്നു. എല്ലാം ഏറ്റവുമധികം വിളവു തരുന്ന ഇനങ്ങളായിരിക്കണമെന്ന് നിർബന്ധമുണ്ട്. സ്വന്തമായി ബ്രാൻഡ് ചെയ്ത ജൈവ കാപ്പിപ്പൊടി മാർക്കറ്റിലിറക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍. ലാഭകരമായി കൃഷി നടത്തിയെങ്കില്‍ മാത്രമേ കാർഷിക രംഗത്ത് തുടരാന്‍ കഴിയൂ എന്നതാണ് ബാബുവി​െൻറ വീക്ഷണം. നല്ല ലാഭം കിട്ടണമെങ്കില്‍ ഏറ്റവും മുന്തിയ പ്രതിഫലം പ്രതീക്ഷിക്കാവുന്ന കൃഷിരീതികള്‍ അവലംബിക്കുകതന്നെ വേണമെന്നതാണ് ബാബുവി​െൻറ കാഴ്ചപ്പാട്. സി.കെ. ചന്ദ്രൻ WEDWDL17 ഷിരോഗി ഇനം ആടിനോടൊപ്പം ബാബു ------------------------------------------ നെല്‍പ്പാടത്തെ ആദ്യത്തെ 'ഇന്ത്യ' വയനാട്ടിൽ ഒരുങ്ങുന്നു സുല്‍ത്താന്‍ ബത്തേരി: നോക്കെത്താദൂരം പരന്നുകിടക്കുന്ന നെല്‍പാടത്ത് ഇനി ഇന്ത്യയെ കാണാം. ഉഴുതൊരുക്കിയ വയലില്‍ വരിവരിയായി ഞാറു നടുന്നതിനുപകരം അല്‍പം കലയും ചാലിച്ചതോടെ ഭാരത ഭൂപടത്തില്‍ ഞാറുകള്‍ നിറഞ്ഞു. വയനാട് ബത്തേരി പ്രസീദ് കുമാര്‍ തയ്യിലി​െൻറ രണ്ടര ഏക്കര്‍ നെല്‍പ്പാടത്താണ് സുന്ദരമായ കാഴ്ചയൊരുങ്ങുന്നത്. കര്‍ഷകദിനത്തില്‍ കൃഷിയിടത്തില്‍ ഇന്ത്യയുടെ രൂപത്തില്‍ ഞാറുനാട്ടി ലോക റെക്കോഡിന് ഒരുങ്ങുകയാണ് ഈ കര്‍ഷകന്‍. ചൈനയിലും ജപ്പാനിലും മാത്രമുള്ള കൗതുക കാഴ്ച ഇന്ത്യക്ക് സമ്മാനിച്ചുകൊണ്ട് ഗിന്നസില്‍ ഇടംപിടിക്കുകയാണ് ഈ കര്‍ഷക​െൻറ ലക്ഷ്യം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍നിന്നുമായി ശേഖരിച്ച പത്തിനം നെല്‍വിത്തുകളാണിതിന് ഉപയോഗിച്ചിരിക്കുന്നത്. പത്തു വര്‍ഷത്തെ ശ്രമഫലമായി മോഹവില നല്‍കിയാണ് വിത്തുകള്‍ എത്തിച്ചത്. വയലറ്റ് നിറമുള്ള ഗുജറാത്തിലെ കൃഷ്ണ കമോദ്, ഛത്തിസ്ഗഢിലെ മഹാമായ, പഞ്ചാബിലെ രാംലി, ഒഡിഷയിലെ ബ്ലാക്ക്പാടിയും സോനമസൂരിയും, ജമ്മുവില്‍നിന്നും പഞ്ചാബില്‍നിന്നും കൊണ്ടുവന്ന രണ്ടു തരം ബസുമതി, കേരളത്തി​െൻറ പരമ്പരാഗത നെല്ലിനമായ രക്തശാലിയും വലിച്ചൂരിയും അടുക്കനുമെല്ലാം പാടത്ത് പത്തു വര്‍ണത്തില്‍ കതിരിടും. ഉഴുത് ഒരുക്കിയ കണ്ടത്തില്‍ ചെറു കമ്പുകള്‍ കുത്തിനിര്‍ത്തി അതില്‍ കുമ്മായം വിതറിയാണ് ഇന്ത്യ വരച്ചെടുത്തത്. ഒഡിഷയില്‍നിന്നും കൊണ്ടുവന്ന ബ്ലാക്ക്പാടി നെല്ലാണ് ഭൂപടത്തിനുള്ളില്‍ നട്ടിട്ടുള്ളത്. ഇരുവശങ്ങളിലും പശ്ചാത്തലത്തിലുമായി വിവിധ നിറത്തിലുള്ള വിത്തും നാട്ടി. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ലക്ഷ്യം വെച്ചാണ് ഇന്ത്യക്ക് ഏകനിറം നല്‍കിയത്. ചിത്രകാരനായ എ. വണ്‍ പ്രസാദ് ഒറ്റ ദിവസം കൊണ്ടാണ് പാടത്തെ ചിത്രപ്പണി പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ആദ്യത്തെ നെല്ലുകൊണ്ടുള്ള കലാസൃഷ്ടിക്കാണിത് തുടക്കം കുറിച്ചത്. നെല്ല് കതിരിടുമ്പോഴാണ് എല്ലാ വര്‍ണങ്ങളും ദൃശ്യമാവുകയുള്ളൂ. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ ചിത്രം അതി​െൻറ പൂര്‍ണതയിലെത്തും. വിളവെടുപ്പ് കാലമാവുമ്പോള്‍ ഇവിടെ സമത്വ സുന്ദരമായ ഭാരതം ബഹുവര്‍ണ കാന്തിയോടെ വിരിയും. സ്വന്തം ലേഖകൻ WEDWDL15 ബത്തേരി നമ്പിക്കൊല്ലി പ്രസീദി​െൻറ പാടത്ത് ഒരുങ്ങുന്ന ഇന്ത്യയുടെ ഭൂപടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.