പിടിയിലായത് ഓണ്‍ലൈന്‍ തട്ടിപ്പുവീരന്‍

കോഴിക്കോട്: കഴിഞ്ഞദിവസം പൊലീസ് വലയിലായ എറണാകുളം പറവൂര്‍ നോര്‍ത് പറമ്പത്തേരില്‍ ദാനവന്‍ നിരവധി തട്ടിപ്പു കേസുകളിലെ പ്രതി. ഡോക്ടര്‍ ചമഞ്ഞ് വിലകൂടിയ സ്മാര്‍ട്ട് ഫോണുകള്‍ തട്ടിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. കഴിഞ്ഞദിവസം ഫറോക്ക് എസ്.ഐ വി.വി. ജയരാജനും സംഘവുമാണ് ഇയാളെ രാമനാട്ടുകരയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. തുടര്‍ന്ന് കൊടുവള്ളി സ്വദേശി ഷഹദലിയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്ന കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് ഇയാളെ വെള്ളിയാഴ്ച അറസ്റ്റ്ചെയ്യുകയായിരുന്നു. കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കാനായി ഓണ്‍ലൈനായ ഒ.എല്‍.എക്സില്‍ രജിസ്റ്റര്‍ ചെയ്ത ഷഹദലിയെ ദാനവന്‍ ഫോണില്‍ ബന്ധപ്പെട്ട് നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ടു. 18ന് ഗവ. മെഡിക്കല്‍ കോളജ് പരിസരത്തുവെച്ച് ഷഹദലിയെ കണ്ട ദാനവന്‍ താന്‍ ഡോക്ടറാണെന്നും മറ്റൊരു ഡോക്ടറെ ഫോണ്‍ കാണിക്കണമെന്നും പറഞ്ഞ് വാങ്ങിയശേഷം മുങ്ങുകയായിരുന്നു. ഒരു ലക്ഷത്തിലധികം വിലവരുന്ന രണ്ടു ഫോണുകളാണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിയെടുത്തത്. നേരത്തേ വിളിച്ച നമ്പറില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഷഹദലി പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ പ്രതിയുടെ പേരില്‍ 14ഓളം കേസുകള്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഉള്ളതായും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.