വയനാട് ബദല്‍ റോഡ്: കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് മലയോരം

പേരാമ്പ്ര: വയനാട് ചുരം ബദല്‍ റോഡായ പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കോഴിക്കോട്ടത്തെുന്ന പ്രധാനമന്ത്രിയെ കാണാന്‍ ശ്രമം നടത്തുന്നു. ഈ റോഡ് യാഥാര്‍ഥ്യമാക്കുകയും അത് കുട്ട ഗോണിക്കുപ്പ വഴി ബംഗളൂരുവിലേക്ക് നീട്ടുകയും ചെയ്താല്‍ രാത്രിയാത്രക്ക് തടസ്സമില്ലാത്ത ദേശീയപാത ഉണ്ടാവുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. കമ്മിറ്റി ഭാരവാഹികളായ ബാബു പുതുപ്പറമ്പില്‍, കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, കെ.എം. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് കൊടുക്കാനുള്ള നിവേദനം തയാറാക്കിയിട്ടുണ്ട്. ഇതോടെ, വയനാട് ബദല്‍ റോഡ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. റോഡ് യാഥാര്‍ഥ്യമാവാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതിയാണ് വേണ്ടത്. പൂഴിത്തോട് പള്ളി വികാരി ഫാ. മാത്യു പെരുവേലില്‍, ചെമ്പനോട പള്ളി വികാരി ഫാ. ജോസഫ് താണ്ടാപറമ്പില്‍, മുതുകാട് ദേവാലയ വികാരി ഫാ. ഡൊമിനിക് മുട്ടത്തുകുടിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാദേശിക സംഘം മന്ത്രി ടി.പി. രാമകൃഷ്ണനെയും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും കണ്ട് റോഡിന്‍െറ പ്രാധാന്യത്തെ ക്കുറിച്ച് ബോധ്യപ്പെടുത്തിയിരുന്നു. പകുതി പൂര്‍ത്തിയായ ഈ ബദല്‍ റോഡ് നിര്‍മാണം 22 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. കോഴിക്കോടുനിന്ന് വയനാട്ടിലേക്ക് നിലവിലുള്ള പാതയെക്കാള്‍ 16 കിലോമീറ്ററോളം ദൂരം കുറവാണ്. 1987ലാണ് റോഡ് നിര്‍മാണം തുടങ്ങിയത്. 27 കിലോമീറ്റര്‍ നീളമുള്ള റോഡിന്‍െറ 14 കിലോമീറ്റര്‍ നിര്‍മാണമാണ് നടന്നത്. സ്വകാര്യവ്യക്തികളില്‍നിന്ന് സൗജന്യമായി ലഭിച്ച ഭൂമിയിലായിരുന്നു പ്രവൃത്തി. അന്ന് 9.6 കോടിയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്. പ്രവൃത്തികളുടെ മേല്‍നോട്ടത്തിനായി വടകര ആസ്ഥാനമായി ചുരം ഡിവിഷന്‍ ഓഫിസ് തുറക്കുകയും ചെയ്തു.1994 സെപ്റ്റംബര്‍ 23നാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവ പൂഴിത്തോട്ടിലും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. പൂഴിത്തോടുനിന്നും പടിഞ്ഞാറത്തറ നിന്നും വനാതിര്‍ത്തി വരെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വനത്തിലൂടെയുള്ള 13 കിലോ മീറ്ററാണ് ഇനി നിര്‍മിക്കേണ്ടത്. നഷ്ടമാവുന്ന വനഭൂമിക്ക് പകരമായി വയനാട് ജില്ലയില്‍ 20.77 ഹെക്ടറും കോഴിക്കോട് ജില്ലയില്‍ 5.56 ഹെക്ടറും റവന്യൂ വകുപ്പ് ഏറ്റെടുത്ത് വനം വകുപ്പിന് നല്‍കി. ഈ ഭൂമിയില്‍ വനവത്കരണം നടത്താന്‍ ഒരുക്കമാണെന്നും അറിയിച്ചിരുന്നെങ്കിലും കേന്ദ്ര വനം മന്ത്രാലയത്തില്‍ നിന്ന് അനുകൂല നടപടി ഉണ്ടായില്ല. ഈ തടസ്സം നീക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.