തണ്ണീര്‍പന്തല്‍: കീരിയങ്ങാടി-ചേക്കണ്ടിമുക്ക്-കുളങ്ങരക്കണ്ടി റോഡടക്കമുള്ള പൊതുവഴി സ്വകാര്യ വ്യക്തി കൈയേറിയതായി ഗ്രാമപഞ്ചായത്ത് ഓംബുഡ്സ്മാന് പരാതി. പൊതുവഴി കൈയേറിയതിനാല്‍ വെള്ളത്തിന്‍െറ ഒഴുക്ക് തടസ്സപ്പെടുകയും ചളിനിറഞ്ഞ് പൊതുവഴി ഉപയോഗ ശൂന്യമാവുകയും ചെയ്തതായാണ് പരാതി. നേരത്തെ പ്രദേശത്തെ 30 പേര്‍ ഒപ്പിട്ട് ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ തങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പൊതുവഴി കൈയേറ്റം നടന്നതായി തെളിവുസഹിതം പരാതി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഓവര്‍സിയര്‍ അന്വേഷണം നടത്തുകയും കൈയേറ്റം നടന്നതായി സ്ഥിരീകരിക്കുകയും സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്നും വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുവാനും നിര്‍ദേശിച്ചിരുന്നു. റോഡിലേക്ക് തള്ളിനില്‍ക്കുന്ന രൂപത്തില്‍ നിര്‍മിച്ച മതില്‍ ഭാഗം പൊളിച്ചുമാറ്റാനും സ്ഥലമുടമക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍നടപടി എടുക്കാത്തതിനാല്‍ പ്രദേശവാസിയാണ് ഓംബുഡ്സ്മാന് പരാതി നല്‍കിയത്. എന്നാല്‍, നേരത്തേയുള്ള മതില്‍ ഉയരംകൂട്ടുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന സ്ഥലമുടമയുടെ വാദം ആദ്യം അംഗീകരിക്കാതിരുന്ന പഞ്ചായത്ത് അധികൃതര്‍ ബാഹ്യ സമ്മര്‍ദത്താല്‍ പിന്നീട് നിലപാട് മാറ്റിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ഉടമയുടെ വാദം അംഗീകരിച്ച് ഓംബുഡ്സ്മാന് പഞ്ചായത്ത് വിശദീകരണം നല്‍കി. പരാതിയില്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കുവാന്‍ ഓംബുഡ്സ്മാന്‍ വില്ളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.