വടകര: താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍െറ പരിമിതികള്‍ക്ക് വിരാമമിടാന്‍ റവന്യൂ ടവര്‍ പദ്ധതി നടപ്പാക്കുന്നു. വടകര സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ സ്ഥാപിക്കുന്ന റവന്യൂ ടവറിന്‍െറ രൂപരേഖ തയാറാക്കുന്നതിനായി കഴിഞ്ഞ ദിവസം കോഴിക്കോട് പി.ഡബ്ള്യു.ഡി അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയറും സംഘവും പരിശോധന നടത്തി. നിലവില്‍ താലൂക്ക് ഓഫിസ് അടക്കമുള്ള കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്ന രണ്ടേക്കര്‍ സ്ഥലത്താണ് പുതിയ കെട്ടിടസമുച്ചയം ഉയരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ എട്ടു കോടിയാണ് റവന്യൂ ടവറിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉടന്‍ രൂപരേഖ തയാറാക്കി എസ്റ്റിമേറ്റിന് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും സി.കെ. നാണു എം.എല്‍.എ പറഞ്ഞു. ആധുനിക രീതിയിലുള്ള കെട്ടിട സമുച്ചയമാണ് വടകരയില്‍ വരാനിരിക്കുന്നത്. വാഹനപാര്‍ക്കിങ് സംവിധാനത്തോടെയുള്ള കെട്ടിടത്തില്‍ മുഴുവന്‍ ഓഫിസ് പ്രവര്‍ത്തനവും ഒരു കുടക്കീഴിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിര്‍മാണം ആരംഭിക്കുന്നത്. നിലവിലെ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫിസ്, സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫിസ് എന്നിവയൊക്കെ ഏറെ പ്രയാസത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. നിന്നുതിരിയാന്‍ സ്ഥലവുമില്ലാത്ത അവസ്ഥയിലാണ് പല ഓഫിസ് മുറികളും. ഇതിന്‍െറ അടിസ്ഥാനത്തിലാണ് വകുപ്പുകളുടെ ഏകോപനത്തിനായി സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാല് റവന്യൂ ടവറുകളിലൊന്ന് വടകരയിലും സ്ഥാപിക്കാന്‍ നടപടിയായത്. അഞ്ചുവിളക്ക് ജങ്ഷനോട് ചേര്‍ന്ന് കോടതി കെട്ടിടങ്ങളുടെ ഇടയിലൂടെയാണ് സിവില്‍ സ്റ്റേഷനിലും അനുബന്ധ ഓഫിസുകളിലേക്കുമെത്തേണ്ടത്. ഇവിടെയുള്ള തിരക്കിലൂടെ വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് നീങ്ങുന്നത്. വിദ്യാഭ്യാസ ഓഫിസ് കെട്ടിടം, ട്രഷറി, പൊലീസ് കണ്‍ട്രോള്‍റൂം, സബ്ജയില്‍, രജിസ്ട്രാര്‍ ഓഫിസ്, ആശ്വാസകേന്ദ്രം, കാന്‍റീന്‍ എന്നിവയെല്ലാം അടുത്തായി സ്ഥിതിചെയ്യുന്നു. ഇത്രയും കെട്ടിടങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വളപ്പില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ കഴിയുന്നില്ല. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കെട്ടിടത്തിലാണ് താലൂക്ക് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. വലിയഹാളും കൊച്ചുമുറികളുമായി കിടക്കുന്ന ഓഫിസില്‍ എണ്‍പതോളം ജീവനക്കാര്‍ക്ക് നിന്നുതിരിയാനിടമില്ലാതെ വന്നപ്പോള്‍ വരാന്തയില്‍ കെട്ടിമറച്ച് പുതിയ സൗകര്യമൊരുക്കിയിരിക്കയാണ്. നിലവിലുള്ള ഡി.ഇ.ഒ ഓഫിസ് പരിസരത്തെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് മൂന്നുകോടിയോളം ചെലവിട്ട് പുതിയ കെട്ടിടം പണിയുകയെന്ന ആശയം ഭരത്ഭൂഷണ്‍ ചീഫ് സെക്രട്ടറിയായപ്പോഴാണ് തുടങ്ങിയത്. പാര്‍ക്കിങ് സൗകര്യം ഉള്‍പ്പെടെയുള്ള വന്‍ പദ്ധതിയായിരുന്നു ഇത്. സമീപത്തെ ജയിലും പൊലീസ് കണ്‍ട്രോള്‍റൂമും ഇവിടെനിന്ന് മാറ്റുന്നതോടെ വലിയ ഓഫിസ് സമുച്ചയം പണികഴിക്കാവുന്ന രീതിയിലായിരുന്നു ആസൂത്രണം. അന്നിതിന് അനുമതി കിട്ടിയില്ല. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച കെട്ടിടത്തേക്കാള്‍ ഭീഷണിയിലാണ് 25 വര്‍ഷം മുമ്പ് നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം. പലഭാഗവും പൊട്ടിപൊളിഞ്ഞുകിടക്കുന്നു. ജീവനക്കാര്‍ക്കിടയിലേക്ക് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴുന്നത് പതിവാണ്. പലപ്പോഴും അഗ്നിശമനസേന അധികൃതരും മറ്റും സ്ഥലത്തത്തെിയാണ് അപകടാവസ്ഥക്ക് താല്‍ക്കാലിക പരിഹാരം കാണാറുള്ളത്. റവന്യൂ അധികൃതര്‍ പിടികൂടി വടകര മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട മണല്‍, പിടിച്ചെടുത്ത ലോറികള്‍ എന്നിവ കാടുപിടിച്ചുകിടക്കുന്നു. ഇവിടെയുള്ള എക്സൈസ് ഓഫിസിന്‍െറ വരാന്ത തൊണ്ടിമുതല്‍കൊണ്ട് നിറഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തില്‍ റവന്യൂ ടവര്‍ പദ്ധതിക്ക് കാലതാമസം വരുത്തരുതെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.