കോഴിക്കോട്: വീതിയില്ലാത്ത നഗരത്തിലെ റോഡില്‍ നിരങ്ങി നിരങ്ങിയാണ് വാഹനങ്ങള്‍ നീങ്ങുന്നത്. ആഘോഷ സമയങ്ങളാണെങ്കില്‍ ഗതാഗതക്കുരുക്ക് പതിവിലും കൂടും. ഇതോടൊപ്പം റോഡരികില്‍ കേബിളുകള്‍കൂടി പൊട്ടി വീണാലോ? ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രക്കാരും ഇതില്‍തട്ടി വീണതുതന്നെ. വൈദ്യുതി തൂണുകളിലും മരങ്ങളിലുമെല്ലാം ബന്ധിപ്പിച്ച് സ്ഥാപിച്ച കേബിളുകള്‍ നഗരത്തിന്‍െറ പലയിടത്തും താഴേക്ക് പൊട്ടിവീണ നിലയിലാണ്. അവധിദിവസങ്ങളില്‍ ഇവ പൊട്ടിവീണാല്‍ തിരിച്ച് ഉയര്‍ത്തി കെട്ടുന്നതിന് പോലും ആരും വരാറില്ല. പോസ്റ്റില്‍ ബന്ധിപ്പിച്ച ഭാഗം പൊട്ടിയാണ് കേബിളുകള്‍ റോഡിലൂടെ ഇഴയുന്നത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡില്‍ കഴിഞ്ഞദിവസം രണ്ടുമൂന്ന് ഇടങ്ങളിലായി ഇത്തരത്തില്‍ കേബിളുകള്‍ പൊട്ടിവീണു. ഞായറാഴ്ച മലാപ്പറമ്പിലെ സ്വകാര്യാശുപത്രിക്ക് മുന്നിലുള്ള ബസ്സ്റ്റോപ്പിന് മുന്നിലായാണ് കേബിള്‍ പൊട്ടിക്കിടന്നത്. കേബിളിന് മുകളിലൂടെ ചാടി ക്കടന്നാണ് ബസ് സ്റ്റോപ്പിലേക്ക് പോകാനാവുക. കറുത്ത കേബിളായതിനാല്‍ ദൂരെനിന്ന് ഇത് പെട്ടെന്ന് കാണാനും കഴിയുന്നില്ല. സ്വകാര്യ കേബിള്‍ നെറ്റ്വര്‍ക്കുകളുടെ കേബിളുകളാണ് ഇത്തരത്തില്‍ പലയിടങ്ങളിലായി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നത്. മാനാഞ്ചിറ, പാളയം, മാവൂര്‍ റോഡ് തുടങ്ങിയ നഗരത്തിലെ വിവിധയിടങ്ങളിലും ഇത്തരത്തില്‍ കേബിളുകള്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന തരത്തില്‍ നില്‍ക്കുന്ന കേബിളുകള്‍ സുരക്ഷിതമായി സ്ഥാപിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ജനങ്ങളാവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.