നഗരത്തില്‍ ജി.പി.എസ് വഴി നിയന്ത്രിക്കുന്ന തെരുവുവിളക്കുകള്‍ സ്ഥാപിക്കും

കോഴിക്കോട്: നഗരത്തില്‍ തെരുവുവിളക്കുകള്‍ കത്തിക്കുന്നത് കാര്യക്ഷമമാക്കും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളുടെ യോഗം 19ന് കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ചേരും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് വിളക്കുകള്‍ കത്തിക്കാന്‍ കരാര്‍ നല്‍കാനാണ് ആലോചന. വിദഗ്ധര്‍ പങ്കെടുക്കുന്ന യോഗമാണ് നടക്കുക. എട്ട് കൊല്ലം സൊസൈറ്റിക്ക് തെരുവുവിളക്കുകളുടെ സംരക്ഷണ ചുമതല നല്‍കാനാണ് ആലോചന. ജി.പി.എസ് വഴി വിളക്കുകള്‍ നിയന്ത്രിക്കുംവിധമാവും സംവിധാനം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മരാമത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്സന്‍ ടി.വി. ലളിത പ്രഭ എന്നിവരാണ് നഗരസഭാ യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. 75 വാര്‍ഡുകളില്‍നിന്ന് 33,000 ട്യൂബ് ലൈറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ തിരുമാനമായി. നഗരത്തില്‍ 1823 പുതിയ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കും. ഇതിനായി വൈദ്യുതി ബോര്‍ഡിന് പണം അടച്ചുകഴിഞ്ഞു. വിവിധ വാര്‍ഡുകളിലായി 200 ട്യൂബ് ലൈറ്റ് വേറെയും സ്ഥാപിക്കും. കത്താതായ എല്‍.ഇ.ഡി വിളക്കുകള്‍ കെല്‍ട്രോണ്‍ മാറ്റിനല്‍കും. കോര്‍പറേഷന്‍ ജനസേവന കേന്ദ്രത്തില്‍ ജീവനക്കാര്‍ക്ക് ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ നികുതിയടക്കാനും മറ്റും ജനസേവനകേന്ദ്രത്തില്‍ ജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കാനാണ് ഇത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ തുടര്‍ച്ചയായി സേവനം ലഭിക്കുന്ന പുതിയ സമ്പ്രദായം 28 മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് ശ്രമം. ക്ഷേമ പെന്‍ഷനുകള്‍ തപാല്‍ വഴി എത്തിക്കുന്നതില്‍ അപാകതയുള്ളതായി പ്രതിപക്ഷം ആരോപിച്ചു. നേരത്തേ പെന്‍ഷന്‍ പാസായെങ്കിലും മരിച്ച ഉപഭോക്താക്കളുടെ അവകാശികള്‍ക്ക് തുക ലഭിക്കാന്‍ നടപടിയെടുക്കണമെന്ന് എം.സി. അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കൊല്ലത്തെ പദ്ധതിതുകയില്‍നിന്ന് ഒന്നും ചെലവഴിച്ചില്ളെന്ന പൊറ്റങ്ങാടി കിഷന്‍ ചന്ദിന്‍െറ ആരോപണത്തിന് ബലം നല്‍കും വിധം സെക്രട്ടറി സതീശന്‍ മറുപടി നല്‍കിയത് ഭരണപക്ഷത്തിന്‍െറ പ്രതിഷേധത്തിനിടയാക്കി. കാര്യങ്ങള്‍ പഠിച്ച് എത്ര തുക ചെലവിട്ടെന്ന് കാണിച്ച് എല്ലാ അംഗങ്ങള്‍ക്കും അടുത്ത കൗണ്‍സിലിനകം വിശദമായ സ്റ്റേറ്റ്മെന്‍റ് നല്‍കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. കോര്‍പറേഷന്‍ സുവര്‍ണ ജൂബിലി ഭവന പദ്ധതിയില്‍ 75 വാര്‍ഡുകളില്‍നിന്ന് 240 കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കാന്‍ നിശ്ചയിച്ചതില്‍ 40 പേരെ ഇനിയും കണ്ടത്തൊന്‍ തീരുമാനമായി. പ്രധാനമന്ത്രിയടക്കം പ്രമുഖര്‍ വരുന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗത്തിന് ബി.ജെ.പി കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്‍ കൗണ്‍സിലിന്‍െറ സഹായം തേടിയത് ഇടത് കൗണ്‍സിലര്‍മാരില്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും മേയര്‍ ഇടപെട്ട് ശാന്തമാക്കി. അഡ്വ. പി.എം. നിയാസ്, സി. അബ്ദുറഹിമാന്‍, കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, കറ്റടത്ത് ഹാജറ, കെ.സി. ശോഭിത, അഡ്വ. വിദ്യ ബാലകൃഷ്ണന്‍, എന്‍. സതീഷ്കുമാര്‍ തുടങ്ങിയവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.