കുറ്റ്യാടിയില്‍ ട്രാഫിക് പരിഷ്കാര പരീക്ഷണം: ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലഞ്ഞത് മണിക്കൂറുകള്‍

കുറ്റ്യാടി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിന്‍െറ ഭാഗമായി നടത്തിയ പരീക്ഷണം വാഹന യാത്രക്കാരെ വലച്ചു. ഓണം, പെരുന്നാള്‍ തിരക്കില്‍ വീര്‍പ്പുമുട്ടിയ ടൗണില്‍ വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് നാല് പ്രധാന റോഡുകളില്‍ വാഹനം നിയന്ത്രിച്ച് പരീക്ഷണം നടത്തിയത്. ഇതോടെ വാഹനങ്ങളുടെ നിര നാലു റോഡിലേക്കും രണ്ട് കിലോമീറ്ററിലധികം നീണ്ടു. ബസ് യാത്രക്കാര്‍ ഇറങ്ങി നടന്നാണ് ലക്ഷ്യത്തിലത്തെിയത്. കുട്ടികളുമായി വന്ന സ്കൂള്‍ വാഹനങ്ങള്‍ സന്ധ്യവരെ വഴിയില്‍ കിടന്നു. മണിക്കൂറോളമാണ് വാഹനങ്ങള്‍ വഴിയില്‍ കുരുങ്ങിയത്. ഇങ്ങനെ വാഹനം നിയന്ത്രിക്കുന്ന വിവരം പൊലീസോ മറ്റ് അധികാരികളോ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. സ്വകാര്യ സംഘടനയായ വെഹിക്കിള്‍ ഒണേഴ്സ് അസോസിയേഷന്‍ വക ടൗണില്‍ പോസ്റ്റര്‍ പതിക്കുക മാത്രമാണുണ്ടായത്. പോസ്റ്റര്‍ സംബന്ധിച്ച വിവരം അന്വേഷിച്ച മാധ്യമ പ്രവര്‍ത്തരോട് പൊലീസ് പറഞ്ഞത് വെള്ളിയാഴ്ച ടൗണില്‍ വന്‍തിരക്കായതിനാല്‍ പരീക്ഷണം നടത്തില്ളെന്നായിരുന്നു. എന്നാല്‍, ഏതാനും എസ്.ഐമാരുടെ മേല്‍നോട്ടത്തില്‍ അസോസിഷന്‍െറ വളണ്ടിയര്‍മാര്‍ യൂനിഫോമിട്ട് റോഡ് തടയുകയാണുണ്ടായത്. ഒന്നരമണിക്കൂര്‍ കഴിഞ്ഞിട്ടും തീരാതായതോടെ നാട്ടുകാര്‍ രംഗത്തിറങ്ങി പരീക്ഷണം നിര്‍ത്തിച്ചു. കവലയില്‍ തടിച്ചുകൂടി നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ പൊലീസിന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. തിരക്കുകൂടിയ സമയത്ത് പരീക്ഷണം നടത്തിയാലേ പൂര്‍ണ ഫലം മനസ്സിലാകൂവെന്നാണ് സ്ഥലത്തുണ്ടായ പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കുറ്റ്യാടിയില്‍നിന്ന് കോഴിക്കോട് റോഡില്‍ ചെറിയകുമ്പളം, വയനാട് റോഡില്‍ തളീക്കര, വടകര റോഡില്‍ കുളങ്ങരത്താഴ, മരുതോങ്കര റോഡില്‍ അടുക്കത്ത് എന്നിവിടങ്ങളില്‍ വരെ വാഹനനിര നീണ്ടതായി യാത്രക്കാര്‍ പറഞ്ഞു. പരീക്ഷണം നിര്‍ത്തിയിട്ടും ഗതാഗതക്കുരുക്ക് രാത്രിയും തുടരുകയുണ്ടായി. ടൗണില്‍ വന്നവര്‍ പലരും തിരിച്ചുപോയത് ഏറെ വൈകിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.