വ്യാജരേഖ നിര്‍മാണം: എമിഗ്രേഷന്‍ സീലും വി.സിമാരുടെ ഒപ്പും കണ്ടത്തെി

കോഴിക്കോട്: സര്‍ട്ടിഫിക്കറ്റും ഡ്രൈവിങ് ലൈസന്‍സുമടക്കം വ്യാജമായി നിര്‍മിക്കുന്ന സംഘം എമിഗ്രേഷന്‍ സീലും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മിച്ചു. ഈ രേഖകള്‍ ഉപയോഗിച്ച് സ്വദേശത്തും വിദേശത്തുമായി നിരവധി പേര്‍ ഡ്രൈവിങ് ഉള്‍പ്പെടെ ജോലികളില്‍ ഏര്‍പ്പെട്ടതായും പൊലീസ് കണ്ടത്തെി. ചൊവ്വാഴ്ച സിറ്റി ക്രൈം സ്ക്വാഡിന്‍െറ പിടിയിലായ മട്ടന്നൂര്‍ എളന്നൂര്‍ നെടുമ്പുറം മുഹമ്മദലി (40), കുണ്ടുങ്ങല്‍ എം.പി ഹൗസില്‍ അബ്ദുല്‍ മജീദ് (55), പെരുമണ്ണ മോട്ടക്കുന്ന് ഇരുമ്പിന്‍ ചീടത്തില്‍ ഷൗക്കത്തലി (40), കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കടുത്ത് സലീന ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുന്നുമ്മല്‍ മജീദ് (48) എന്നിവരടങ്ങുന്ന സംഘത്തെ ചോദ്യം ചെയ്തതിലാണ് വിവരങ്ങള്‍. പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ സാങ്കേതിക പരിശോധനക്കായി തിരുവനന്തപുരത്തുള്ള സിഡാക്കിന് കൈമാറിയിട്ടുണ്ട്. പ്രാഥമിക പരിശോധനക്ക് വിധേയമാക്കിയ കമ്പ്യൂട്ടറില്‍നിന്നും കോഴിക്കോട് ആര്‍.ടി.ഒ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കാലിക്കറ്റ് വാഴ്സിറ്റി വി.സിയുടെ അടക്കം ഒപ്പ്, സീല്‍ എന്നിവയും കണ്ടത്തെിയിട്ടുണ്ട്. തമിഴ്നാട് അണ്ണാമലൈ സര്‍വകലാശാല വി.സിയുടെ ഒപ്പും കണ്ടത്തെിയിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സിലെ ഹോളോം ഗ്രാമുകളും കമ്പ്യൂട്ടറില്‍ ഉണ്ടായിരുന്നു. നിരവധി പേര്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടത്തെല്‍. എസ്.എസ്.എല്‍.സി, പ്ളസ് ടു, ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാപകമായി നിര്‍മിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചവരുണ്ടോയെന്നും പൊലീസ് പരിശോധിക്കും. എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാതെ വിദേശത്ത് പോകാന്‍ അനുമതി ലഭിക്കുന്ന (ഇ.സി.എന്‍.ആര്‍) മുദ്രയും വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘത്തില്‍ നിന്നു പൊലീസ് കണ്ടത്തെി. ഈ മുദ്ര പതിച്ച പാസ്പോര്‍ട്ടുമായി യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ പല നടപടിക്രമങ്ങളും ഒഴിവായിക്കിട്ടുകയും ചെയ്യും. എന്നാല്‍, വിദ്യാഭ്യാസ യോഗ്യത തീരെ കുറഞ്ഞവര്‍ക്കും ഇത്തരത്തില്‍ യാത്ര സാധ്യമാകുന്നതിന് വ്യാജമുദ്രകള്‍ പതിച്ചുനല്‍കിയിട്ടുണ്ടെന്നാണ് സംശയം. എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്കും മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ കാലഘട്ടത്തില്‍ വിദേശത്ത് ജോലി ചെയ്തവര്‍ക്കും വീണ്ടും വിദേശത്തേക്ക് പോകാന്‍ ഇ.സി.എന്‍.ആര്‍ പതിക്കണം. എത്രപേര്‍ക്ക് ഇത്തരത്തില്‍ പാസ്പോര്‍ട്ടില്‍ സീല്‍ പതിച്ചു നല്‍കിയിട്ടുണ്ടെന്ന കാര്യം പൊലീസിനു വ്യക്തമായിട്ടില്ല. ഹോളോഗ്രാം പതിച്ച 25 ലേറെ വ്യാജ ഡ്രൈവിങ് ലൈസന്‍സും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലും വിദേശത്തുമായി നിരവധി പേര്‍ ഇത്തരം ലൈസന്‍സ് ഉപയോഗിക്കുന്നതായി പൊലീസ് പറയുന്നു. ജില്ലയില്‍ ഉള്‍ഗ്രാമങ്ങളില്‍ സര്‍വിസ് നടത്തുന്ന മിനി ബസുകളിലും മറ്റും നിരവധി ഡ്രൈവര്‍മാര്‍ വ്യാജ ലൈസന്‍സ് ഉപയോഗിക്കുന്നതായി പൊലീസ് പറയുന്നു. വ്യാജരേഖ കൈപ്പറ്റിയവരും കേസില്‍ പ്രതികളാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.