വടകര–തൊട്ടില്‍പാലം കെ.എസ്.ആര്‍.ടി.സി ചെയ്ന്‍ സര്‍വിസ് ചുവപ്പുനാടയില്‍

വടകര: കെ.എസ്.ആര്‍.ടി.സി വടകര-തൊട്ടില്‍പാലം ചെയ്ന്‍ സര്‍വിസ് പ്രഖ്യാപനം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നു. ചെയ്ന്‍ സര്‍വിസ് തുടങ്ങുമെന്നു സര്‍ക്കാറുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷമായി. നിയമസഭയിലെ ചോദ്യോത്തരവേളയിലും ചെയ്ന്‍ സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്ന് പലതവണ വകുപ്പു മന്ത്രിമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നീക്കങ്ങളൊന്നും നടന്നില്ല. ഈ പ്രഖ്യാപനങ്ങള്‍ അട്ടിമറിക്കപ്പെടുന്നതിനു പിന്നില്‍ സ്വകാര്യബസ് ലോബിയുടെ സമ്മര്‍ദമാണെന്നാണ് ആക്ഷേപം. രാവിലെയും വൈകീട്ടും വന്‍ തിരക്കാണ് ഈ റൂട്ടില്‍ അനുഭവപ്പെടുന്നത്. യാത്രാക്ളേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകളും മറ്റും നിരവധി സമരങ്ങള്‍ നടത്തിയിരുന്നു. തൊട്ടില്‍പാലം-വടകര സര്‍വിസിനു പുറമെ പേരാമ്പ്ര-വടകര ചെയ്ന്‍ സര്‍വിസും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പാണ് രണ്ടു സര്‍വിസുകളും തുടങ്ങാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി നീക്കംതുടങ്ങിയത്. സാധ്യതാപഠനം നടത്തി സമഗ്ര റിപ്പോര്‍ട്ട് പെട്ടെന്നുതന്നെ സമര്‍പ്പിക്കപ്പെട്ടിരുന്നു. ബസുകള്‍ നിര്‍ത്തിയിടാന്‍ തൊട്ടില്‍പാലം ഡിപ്പോയില്‍ സ്ഥലമില്ളെന്ന വിശദീകരണമാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നത്. എന്നാല്‍, അഞ്ചുവര്‍ഷം മുമ്പ് കൂടുതല്‍ സൗകര്യത്തോടെ തൊട്ടില്‍പാലം ഡിപ്പോ പുതിയ സ്ഥലത്തേക്കു മാറ്റി. എന്നിട്ടും ചെയ്ന്‍ സര്‍വിസ് തുടങ്ങിയില്ല. ചെയ്ന്‍ സര്‍വിസ് തുടങ്ങുന്നതോടെ വലിയ വരുമാനമുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു. നിലവില്‍ സ്വകാര്യബസ് ലോബിയുടെ സര്‍വിസ് തോന്നിയപോലെയാണ് നടക്കുന്നത്. ഞായറാഴ്ചകളില്‍ സര്‍വിസുകള്‍ റദ്ദുചെയ്യുന്ന ബസുകള്‍ നിരവധിയാണ്. രാത്രിസമയത്തെ ട്രിപ് ഒഴിവാക്കലും പതിവാണ്. രാത്രി 8.45ഓടെ വടകര-തൊട്ടില്‍പാലം റൂട്ടിലെ സ്വകാര്യബസുകളുടെ ഓട്ടം നിര്‍ത്തും. പിന്നീടുള്ളത് രാത്രി 9.30ന് വടകര പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന കക്കട്ട്-കൈവേലിക്കുള്ള കെ.എസ്.ആര്‍.ടി.സിയും ബംഗളൂരു ബസും മാത്രമാണ്. ഈ സാഹചര്യത്തില്‍ വടകര ടൗണിലെ കച്ചവടസ്ഥാപനങ്ങളിലേതുള്‍പ്പെടെ തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രയാസം വളരെ വലുതാണ്. ദേശീയപാതയില്‍ രാത്രി വൈകിയും സ്വകാര്യബസുകളുണ്ട്. എന്നാല്‍, വടകര-തൊട്ടില്‍പാലം റൂട്ടിലേക്കുള്ള യാത്രക്കാര്‍ നട്ടംതിരിയുകയാണ്. പഴയകാലത്ത് വടകരയില്‍ ടൗണ്‍ സര്‍വിസ് ഉണ്ടായിരുന്നു. ഇത്തരം സ്ഥലങ്ങളിലെല്ലാം സമാന്തര സര്‍വിസ് വ്യാപകമാണിപ്പോള്‍. എന്നാല്‍, സന്ധ്യയാവുന്നതോടെ ഇവരും സര്‍വിസ് നിര്‍ത്തും. ഇത് സാധാരണക്കാരനെ പ്രയാസത്തിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി ചെയ്ന്‍ സര്‍വിസിനും മറ്റുമുള്ള ആവശ്യം ശക്തമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.