വസ്ത്രനിര്‍മാണ യൂനിറ്റ് കത്തിനശിച്ചു; കോടികളുടെ നഷ്ടം

കോഴിക്കോട്: നഗരത്തില്‍ രാത്രി വസ്ത്രനിര്‍മാണ യൂനിറ്റ് കത്തി കോടികളുടെ നഷ്ടം. മാവൂര്‍ റോഡ് കോട്ടൂളിയില്‍നിന്ന് പുതിയറ എസ്.കെ പാര്‍ക്കിലേക്കുള്ള റോഡില്‍ രണ്ടുനിലയിലുള്ള സി.എസ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന മിസ് ട്വന്‍റി ക്ളോത്തിങ്ങാണ് പൂര്‍ണമായി കത്തിയത്. ഓണം-പെരുന്നാള്‍ കച്ചവടത്തിന് സംഭരിച്ച തുണിത്തരങ്ങളും യന്ത്രങ്ങളുമാണ് കത്തിയത്. അഞ്ച് യുവാക്കള്‍ ചേര്‍ന്ന് മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച പുതിയ സംരംഭമായതിനാല്‍ ഇന്‍ഷുര്‍ ചെയ്തിരുന്നില്ളെന്ന് നടത്തിപ്പുകാര്‍ പറഞ്ഞു. ബീച്ച്, മീഞ്ചന്ത സ്റ്റേഷനുകളില്‍നിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്സത്തെി മൂന്നു മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയെങ്കിലും തീപിടിച്ചതായി കരുതുന്നു. എന്നാല്‍, സമീപവാസികള്‍ സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സിനെ അറിയിക്കുമ്പോഴേക്കും 4.30 ആയിരുന്നു. 40 തയ്യല്‍യന്ത്രങ്ങളും പട്ടുതുണികളും വില്‍പനക്ക് തയാറായ വസ്ത്രങ്ങളും കത്തിയമര്‍ന്നു. മൊത്തം മൂന്നു കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ഉടമകളിലൊരാളായ കുറ്റിച്ചിറ അലിഹസന്‍ മരക്കാരകത്ത് താരിഖ് പറഞ്ഞു. താരിഖിനൊപ്പം കുറ്റിച്ചിറ സ്വദേശി റഊഫ്, ചേന്ദമംഗലൂര്‍ വി.ടി. സബാഹ്, കൊടുവള്ളി വാവാട് വി.ടി. റഫീഖ്, മാഹി സുനിത് എന്നിവര്‍ ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത്. തിരുപ്പൂരില്‍ മുമ്പ് വസ്ത്രവ്യാപാരം നടത്തിയവരാണിവര്‍. നേരത്തേ മാവൂര്‍റോഡ് ജങ്ഷന് സമീപമുണ്ടായിരുന്ന സ്ഥാപനം ഒമ്പതു മാസം മുമ്പ് 3000 ചതുരശ്ര അടിയിലുള്ള കോട്ടൂളിയിലെ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. സത്യജിത്, സജിത്ലാല്‍ എന്നിവരുടേതാണ് കെട്ടിടം. അസി. ഫയര്‍ ഓഫിസര്‍ വി.കെ. ബിജു, ലീഡിങ് ഫയര്‍മാന്‍ സദാനന്ദന്‍ കൊളക്കാടന്‍, നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ ചേര്‍ന്ന് രാവിലെ 8.30 വരെ പണിപ്പെട്ടാണ് തീയണച്ചത്. കത്തിയ കെട്ടിടത്തിന് മുന്നിലൂടെയുള്ള വഴിയില്‍ ഫയര്‍ എന്‍ജിന്‍ കയറാനാകാത്തതും ബുദ്ധിമുട്ടുണ്ടാക്കി. തൊട്ടടുത്ത ഫ്ളാറ്റില്‍നിന്നുള്ള വെള്ളമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.