റേഷന്‍ കാര്‍ഡ്: ലഭിച്ചത് 11,286 പരാതികള്‍

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണത്തെയും ബാധിക്കും. നിലവിലെ പരാതികളുടെ എണ്ണമനുസരിച്ച് നിശ്ചിത തീയതിക്കകം കാര്‍ഡ് വിതരണം നടപ്പാകില്ളെന്നാണ് സൂചന. ഇതുവരെ ജില്ലയില്‍ 11,286 പരാതികളാണ് ലഭിച്ചത്. ഇനിയും പരാതികള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിനാല്‍ പരിശോധനക്ക് കൂടുതല്‍ സമയം വേണമെന്ന് സിവില്‍ സപൈ്ളസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി രണ്ടിനും മാര്‍ച്ച് 31നും ഇടയില്‍ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഡിസംബര്‍ 31നകം മുന്‍ഗണനാ ലിസ്റ്റിന്‍െറ അന്തിമ രൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഇവ പരിശോധിച്ച് പരാതികള്‍ തീര്‍പ്പാക്കിയിട്ടേ പുതിയ കാര്‍ഡ് അച്ചടിക്ക് നല്‍കൂ. നിലവില്‍ ക്രമീകരണങ്ങള്‍ തെറ്റിയ നിലയിലാണ്. ഒക്ടോബര്‍ 31നകം കരട് ലിസ്റ്റിലെ പരാതികള്‍ സ്വീകരിച്ച് നവംബര്‍ 15നകം പരിശോധനകളും ഹിയറിങ്ങും പൂര്‍ത്തിയാക്കണം. ഡിസംബര്‍ 15നകം തദ്ദേശസ്ഥാപനങ്ങള്‍ വഴി പരാതികളില്‍ തീര്‍പ്പാക്കുകയും വേണം. ഇപ്പോള്‍ പരാതി നല്‍കാനുള്ള തീയതി അഞ്ചു ദിവസം നീട്ടിയതോടെ പരിശോധനക്കുള്ള സമയം 10 ദിവസമായി കുറഞ്ഞു. നേരത്തേ 15 ദിവസമായിരുന്നു വില്ളേജ്, സപൈ്ള ഓഫിസുകള്‍ എന്നിവക്ക് പരിശോധനക്ക് സമയം നല്‍കിയിരുന്നത്. 2012ല്‍ ആരംഭിച്ച പ്രക്രിയയാണ് എങ്ങുമത്തൊതെ നില്‍ക്കുന്നത്. ഇടക്ക് തെരഞ്ഞെടുപ്പ് വന്നതും പുതിയ സര്‍ക്കാര്‍ വന്നതോടെയുള്ള നയപരമായ അനിശ്ചിതത്വവുമാണ് നടപടി വൈകാന്‍ കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. താലൂക്ക് അടിസ്ഥാനത്തിലായിരുന്നു ലിസ്റ്റ് തയാറാക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും അപാകതകള്‍ കുറക്കാന്‍ സംസ്ഥാന തലത്തില്‍ ഒരു ലിസ്റ്റ് എന്ന രീതിയിലേക്ക് മാറ്റുകയായിരുന്നു. ഗ്രാമപ്രദേശത്തിന് 52ഉം നഗരപ്രദേശത്തിന് 38 ഉം ശതമാനമാണ് അര്‍ഹത. സംസ്ഥാനത്താകെ 1.54 കോടി അംഗങ്ങള്‍ക്കാണ് മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹത. 2012 മുതല്‍ പൊതുഭരണ വകുപ്പ് ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയതെന്നും വ്യക്തികള്‍ നല്‍കിയ വിവരത്തിന് പുറമെ സി.ഡിറ്റ്, അക്ഷയ, കുടുംബശ്രീകള്‍ എന്നീ ഏജന്‍സികള്‍ വിവരങ്ങള്‍ ചേര്‍ത്തപ്പോഴും തെറ്റുപറ്റിയിട്ടുണ്ടാകാം എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.