നിയമക്കുരുക്ക് ഒഴിയാതെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍

കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും ഉപയോഗിക്കാന്‍ കഴിയാതെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ഷോപ്പിങ് കോംപ്ളക്സ്. ടെന്‍ഡര്‍ നടപടികള്‍ നിയമക്കുരുക്കില്‍പെട്ടതാണ് കെ.എസ്.ആര്‍.ടി.സിക്ക് കോടികളുടെ നഷ്ടത്തിനിടയാക്കിയത്. രണ്ടു തവണ സ്റ്റേ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നീക്കിയെങ്കിലും കെട്ടിടം കൈമാറാന്‍ നടപടിയായില്ല. ഒരു മാസത്തിനകം ടെന്‍ഡര്‍ തുക മുഴുവന്‍ അടക്കുന്ന കക്ഷിക്ക് കെട്ടിടം കൈമാറാനാണ് കോടതി നിര്‍ദേശം. ഇതുപ്രകാരം ഉയര്‍ന്ന തുക ക്വാട്ട് ചെയ്ത കമ്പനിക്ക് കെട്ടിടം കൈമാറുമെന്ന് കെ.ടി.ഡി.എഫ്.സി അധികൃതര്‍ അറിയിച്ചു. കെ.ടി.ഡി.എഫ്.സിയുമായി ചര്‍ച്ച നടത്തി ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചതായി മുക്കം ആസ്ഥാനമായ മാക് അസോസിയേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഹൈകോടതി വിധിയില്‍ ഏതെങ്കിലും കക്ഷിയുടെ പേര് പറയുന്നില്ളെന്നും സ്റ്റേ സിംഗ്ള്‍ ബെഞ്ചിന്‍െറ അന്തിമ തീരുമാനത്തിന് വിടുക മാത്രമാണ് ചെയ്തതെന്നും ടെന്‍ഡറില്‍ രണ്ടാമത് ക്വാട്ട് ചെയ്ത കക്ഷിയും പറയുന്നു. 2015 ഒക്ടോബറില്‍ ടെന്‍ഡര്‍ തുറന്നതിനെ തുടര്‍ന്ന് മാക് അസോസിയേറ്റ്സിനാണ് ടെന്‍ഡര്‍ ലഭിച്ചത്. ക്വാട്ട് ചെയ്ത 50 കോടി ആറുമാസത്തിനകം അടക്കണമെന്നായിരുന്നു നിബന്ധനയെങ്കിലും അഞ്ചു കോടി മാത്രമാണ് നല്‍കിയത്. ഇത് അടക്കാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്‍െറ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മാക് അസോസിയേറ്റ്സ് ഹൈകോടതിയെ സമീപിച്ചതോടെയാണ് പ്രശ്നം നിയമക്കുരുക്കിലായത്. പ്രശ്നത്തില്‍ തുടര്‍ന്ന് 30 ദിവസത്തിനകം കെട്ടിടം പ്രവൃത്തി പൂര്‍ത്തിയാക്കുകയും തുക നല്‍കണമെന്ന് ജനുവരി 13ന് കോടതി നിര്‍ദേശിച്ചെങ്കിലും പണി പൂര്‍ത്തിയായില്ളെന്ന് കാണിച്ച് കമ്പനി സമയം നീട്ടിച്ചോദിച്ചു. ഏപ്രില്‍ ഒന്നിന് ഹൈകോടതി നല്‍കിയ ഇടക്കാല ഉത്തരവില്‍, മൂന്നു മാസത്തിനകം ടെര്‍മിനലിലെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നും തീര്‍ത്തില്ളെങ്കില്‍ തീരുന്ന സമയത്ത് ശേഷിക്കുന്ന പണം അടക്കണമെന്നും നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തിനെതിരെ ടെന്‍ഡറിലെ രണ്ടാമത്തെ കക്ഷി കോടതിയെ സമീപിച്ചതോടെ കൈമാറ്റം ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഈ സ്റ്റേയാണ് ഇപ്പോള്‍ നീങ്ങിയത്. സര്‍ക്കാര്‍ തീരുമാനമായാലേ ടെന്‍ഡര്‍ സംബന്ധിച്ച തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.