കോഴിക്കോട്ടെ അന്തരീക്ഷ മലിനീകരണം ഇനി തല്‍സമയം അറിയാം

കോഴിക്കോട്: അന്തരീക്ഷ വായുവിലെ മാലിന്യം അളക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ സംസ്ഥാനത്തെ മൂന്നാമത്തെ അത്യാധുനിക കേന്ദ്രം കോഴിക്കോട്ട് ഒരുങ്ങുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് സംസ്ഥാനത്ത് ഇത്തരം മറ്റ് കേന്ദ്രങ്ങളുള്ളത്. വന്‍ തിരക്കുള്ള പാളയം ബസ്സ്റ്റാന്‍ഡിലെ പഴയ ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന് മുകളിലാണ് കോഴിക്കോട്ടെ കേന്ദ്രം സ്ഥാപിച്ചത്. 90 ശതമാനം പണി തീര്‍ന്ന കേന്ദ്രം ഇക്കൊല്ലംതന്നെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് നഗരാന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ്, നൈട്രജന്‍, സള്‍ഫര്‍ ഡയോക്സൈഡ് തുടങ്ങി എല്ലാ വാതകങ്ങളുടെയും തോത് തത്സമയം അളന്ന് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന സംവിധാനമാണിത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ ദേശീയ അന്തരീക്ഷ വായു ഗുണ നിയന്ത്രണ പദ്ധതി പ്രകാരമാണ് കോഴിക്കോട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കണ്ടിന്യൂവസ് ആംബിയന്‍റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷന്‍ എന്നാണ് പേര്. ഈരംഗത്തെ വിദഗ്ധരായ മുംബൈയിലെ ചെംട്രോള്‍സിനാണ് നിര്‍മാണ ചുമതല. ഓരോ മിനിറ്റിലുമുള്ള മാലിന്യത്തിന്‍െറ തോത് നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ഉടന്‍ നടപടിയെടുക്കാനുമാകുമെന്നതാണ് കേന്ദ്രം കൊണ്ടുള്ള ഗുണം. കോഴിക്കോട് കോര്‍പറേഷന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. കോഴിക്കോട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അന്തരീക്ഷ മാലിന്യമളക്കുന്ന രണ്ട് സംവിധാനങ്ങള്‍ ഇപ്പോള്‍ നഗരത്തില്‍ നിലവിലുണ്ടെങ്കിലും ഇവയില്‍നിന്ന് മാസത്തില്‍ 10 ദിവസമേ പരിമിതമായ വിവരങ്ങള്‍ ലഭിക്കുന്നുള്ളൂ. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുകളിലും നല്ലളം ഡീസല്‍ നിലയത്തിന് സമീപവുമാണ് ഇപ്പോള്‍ മാലിന്യമളക്കാനുള്ള സ്റ്റേഷനുകളുള്ളത്. ആഴ്ചയില്‍ പരമാവധി രണ്ടുദിവസം മാത്രമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥാപിക്കുന്ന ഇത്തരം കേന്ദ്രങ്ങള്‍ വഴി വന്‍ മാലിന്യ പ്രശ്നം കണ്ടത്തെിയാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.