ബിജീഷ്മയുടെ സ്വപ്നം പൂവണിയുന്നു : സ്നേഹവീടിന്‍െറ നിര്‍മാണം തുടങ്ങി

കോഴിക്കോട്: മടവൂര്‍ ഗ്രാമപഞ്ചായത്തിലെ മുട്ടാഞ്ചേരി ഈച്ചരങ്ങോട്ട് മലയില്‍ ശാന്തയെന്ന അമ്മക്കും ഏഴാം ക്ളാസുകാരിയായ ബിജീഷ്മക്കും സുരക്ഷിതമായി താമസിക്കാനുള്ള സ്നേഹവീട് ഒരുങ്ങുന്നു. ബിജീഷ്മ പഠിക്കുന്ന മുട്ടാഞ്ചേരി ഹസനിയ എ.യു.പി. സ്കൂളിലെ കൂട്ടുകാരും രക്ഷിതാക്കളും സ്കൂള്‍ മാനേജ്മെന്‍റായ സി.എം. മഖാം അധികൃതരും പഞ്ചായത്തും ചേര്‍ന്ന് ജനകീയമായി നിര്‍മിക്കുന്ന ‘സഹപാഠിക്കൊരു സ്നേഹവീടിന്‍െറ’ നിര്‍മാണം ആരംഭിച്ചു. സുമനസ്സുകളില്‍നിന്നും പണം സ്വരൂപിച്ചാണ് ബിജീഷ്മക്ക് വീട് നിര്‍മിക്കാനുള്ള പണം കണ്ടത്തെുന്നത്. സ്നേഹവീട് നിര്‍മിക്കുന്നതിന് സഹായം തേടി മാധ്യമം ഉള്‍പെടെയുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വീട് നിര്‍മാണത്തിനായി ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിലൂടെയും പത്രവാര്‍ത്തകളിലൂടെയും 2.5 ലക്ഷം രൂപയാണ് ഇതുവരെ ലഭിച്ചത്. കാന്‍സര്‍ വന്ന ബിജീഷ്മയുടെ അച്ഛന്‍ ഭാസ്കരന്‍ മരിച്ചതോടെയാണ് അമ്മയും മകളും തനിച്ചായത്. ഓലഷെഡ്ഡില്‍ കഴിയുന്ന ബിജീഷ്മയുടെയും അമ്മയുടെയും അവസ്ഥയറിഞ്ഞ് സ്കൂള്‍ അധികൃതരാണ് വീട് നിര്‍മാണവുമായി രംഗത്തത്തെിയത്. ഞായറാഴ്ച രാവിലെ മുട്ടാഞ്ചേരി എ.യു.പി. സ്കൂളില്‍ നിന്നും ഘോഷയാത്രയായി വിദ്യാര്‍ഥികളും അധ്യാപകരും സന്നദ്ധ പ്രവര്‍ത്തകരും വീട് നിര്‍മിക്കുന്ന മലയിലേക്ക് എത്തി. മലയോര താഴ്വാരത്തില്‍ നടന്ന ചടങ്ങില്‍ വീടിന്‍െറ നിര്‍മാണത്തിന്‍െറ ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.സി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്‍റ് സലീം മുട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റിയാസ്ഖാന്‍, ഇ. അംബുജാക്ഷന്‍, സി.എം. മഖാം സെക്രട്ടറി യു. ഷറഫുദ്ദീന്‍ മാസ്റ്റര്‍, സി.എന്‍.ഇ. ജനറല്‍ സെക്രട്ടറി സി. മനോജ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഡോളി സ്വാഗതവും യൂസഫലി നന്ദിയും പറഞ്ഞു. കുന്ദമംഗലം ചക്കാലക്കല്‍ സ്കൂളിലെ എന്‍.എസ്.എസ്. യൂനിറ്റിലെ വിദ്യാര്‍ഥികളും ഹസനിയാ സ്കൂളിലെ വിദ്യാര്‍ഥികളും നിര്‍മാണത്തില്‍ പങ്കാളികളായി. യുവ കണ്‍സ്ട്രക്ഷന്‍ മുട്ടാഞ്ചേരിയാണ് സൗജന്യമായി വീടിന്‍െറ ചുമര്‍ നിര്‍മിച്ചുനല്‍കിയത്. ദോസ്ത് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, റെഡ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ്, ക്രസന്‍റ് മുട്ടാഞ്ചേരി, കുടുംബശ്രീ എന്നീ സംഘടനകളും നിര്‍മാണത്തില്‍ പങ്കാളികളായി. വീട് നിര്‍മാണത്തില്‍ ബംഗാളിലെ മാള്‍ട്ട സ്വദേശികളായ ജിയാഹുല്‍, മുബാറക്, അഷ്റഫുല്‍ എന്നിവരും സജീവമായി പങ്കാളികളായി. തീര്‍ത്തും സൗജന്യമായാണ് ഞായറാഴ്ച ഇവര്‍ വീട് നിര്‍മാണത്തില്‍ ഏര്‍പ്പെട്ട് മാതൃകയായത്. വീട് നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ യുസഫലി, സലീം എന്നിവരുടെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മടവൂര്‍ ശാഖയിലാണ് ധനസമാഹരണത്തിനുള്ള അക്കൗണ്ട് ആരംഭിച്ചിട്ടുള്ളത്. അക്കൗണ്ട് നമ്പര്‍: 334101000005058. ഐ.എഫ്.എസ്.സി. കോഡ് : IOBA0003341. ഫോണ്‍: 9447082011 (സി. മനോജ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.