സ്കൂളിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

തിരുവമ്പാടി: തിരുവമ്പാടി തൊണ്ടിമ്മല്‍ ഗവ.എല്‍.പി സ്കൂളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പാചകപ്പുരയില്‍ സൂക്ഷിച്ച ഭാരത് ഗ്യാസിന്‍െറ സിലിണ്ടറാണ് പൊട്ടിയത്. കെട്ടിടത്തിന് നാശനഷ്ടമുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. പാചകപ്പുരയുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും ചുമരും ജനലുകളും പാടെ തകര്‍ന്നു. സ്കൂള്‍ കെട്ടിടത്തിലെ ജനലിനും നാശനഷ്ടമുണ്ടായി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം. സിലിണ്ടറില്‍നിന്ന് പാചകവാതകം ചോര്‍ന്നാണ് അപകടം. ഗ്യാസ് സിലിണ്ടറിന്‍െറ ചോര്‍ച്ച പാചകത്തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ക്ളാസ് മുറിയില്‍നിന്ന് ഒഴിപ്പിക്കുകയായിരുന്നു. പാചകപ്പുരയിലുണ്ടായിരുന്ന മറ്റൊരു സിലിണ്ടറും പുറത്തേക്ക് മാറ്റി. താമസിയാതെ ചോര്‍ച്ചയുള്ള സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മുക്കത്തുനിന്ന് അഗ്നിശമനസേന സ്കൂളിലത്തെിയപ്പോഴേക്കും സ്ഫോടനം നടന്നിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചപ്പോഴുണ്ടായ സ്ഫോടനത്തില്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി പാചകം ചെയ്തുകൊണ്ടിരുന്ന ചോറ്, സ്റ്റോറില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന അരി, പലവ്യഞ്ജനങ്ങള്‍ എന്നിവയും നശിച്ചു. തിരുവമ്പാടിയിലെ ഭാരത് ഗ്യാസ് ഏജന്‍സിയില്‍നിന്ന് ബുധനാഴ്ച രാവിലെ എത്തിച്ചതാണ് പൊട്ടിത്തെറിച്ച പാചക വാതക സിലിണ്ടര്‍. പാചകപ്പുരയിലത്തെിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു അപകടം. ഇടിമിന്നലേറ്റ് തൊണ്ടിമ്മല്‍ അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ അങ്കണവാടി കുട്ടികളുടെ പഠനവും ജി.എല്‍.പി സ്കൂളിലാണ്. അങ്കണവാടി കുട്ടികളുടെ ഭക്ഷണം പാചകം ചെയ്യുന്നതും സ്കൂള്‍ പാചകപ്പുരയിലാണ്. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു. കൊടുവള്ളി സി.ഐ ബിശ്വാസ്, തിരുവമ്പാടി, മുക്കം പൊലീസ്, മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍, എ.ഇ.ഒ, ബി.പി.ഒ, സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.