കോഴിക്കോട്: ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ സെക്രട്ടറി തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം. ഇതു കാരണം പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. ടൂറിസം വകുപ്പിന്‍െറ ജില്ലാ മാനേജ്മെന്‍റ് കമ്മിറ്റി ചേര്‍ന്നിട്ടും മാസങ്ങളായി. ഇതു കാരണം സരോവരം, തുഷാരഗിരി, ബീച്ച്, ഭട്ട് റോഡ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങളും മുടങ്ങിയ സ്ഥിതിയാണ്. സരോവരത്ത് 60 ലക്ഷം രൂപയുടെ നിര്‍മാണ പ്രവൃത്തി സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയാണ്. ശോച്യാവസ്ഥയിലായ സരോവരത്തെ ബോട്ട് ജെട്ടി, പാലം, ബോട്ടുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം നവീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍, കരാര്‍ ഏല്‍പിച്ചത് സംബന്ധിച്ച ആശയക്കുഴപ്പം കാരണം ഇത് തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. യു.എല്‍.സി.സിക്ക് കരാര്‍ നല്‍കിയെന്ന് അധികൃതരും എന്നാല്‍, തങ്ങള്‍ക്ക് കരാര്‍ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്ന് യു.എല്‍.സി.സിയും പറയുന്നു. തുഷാരഗിരിയിലും സരോവരത്തും മുമ്പ് നടത്തിയ നവീകരണത്തിന്‍െറ പണം പോലും മുഴുവന്‍ ലഭിച്ചിട്ടില്ളെന്നാണ് യു.എല്‍.സി.സി നിലപാട്. ബീച്ചിലും സമാനമാണ് അവസ്ഥ. ഇവിടെ 21 ലക്ഷത്തിന്‍െറ പ്രവൃത്തികള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെ ഒന്നും ആയിട്ടില്ല. ഭട്ട് റോഡ് ബീച്ചിലെ ശൗചാലയത്തിന്‍െറ കേടുപാടുകള്‍ തീര്‍ത്തെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഡി.ടി.പി.സിക്ക് സ്ഥിരം സെക്രട്ടറിയില്ലാത്തതാണ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാതിരിക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. 2015 ഒക്ടോബറില്‍ സെക്രട്ടറി വിരമിച്ചശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല. തുടര്‍ന്ന്, അസി. കലക്ടര്‍ രോഹിത് മീണ, ടൂറിസം ജോ. ഡയറക്ടര്‍ ശിവന്‍ എന്നിവര്‍ക്ക് ചുമതല നല്‍കുകയായിരുന്നു. ഇപ്പോള്‍ സബ്കലക്ടര്‍ ഇമ്പശേഖറിനാണ് ചുമതല. റവന്യൂ വകുപ്പിന്‍െറ ചുമതലയുള്ള ഇദ്ദേഹത്തിന് ഡി.ടി.പി.സിയുടെ കാര്യങ്ങള്‍കൂടി നോക്കുക അധികഭാരമാണ്. നേരത്തേ ഒരു ജീവനക്കാരന്‍ മാത്രമുണ്ടായിരുന്നത് ഈയിടെയാണ് നാലുപേരായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് വേതനം നല്‍കുന്നത്. എന്നാല്‍, ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍നിന്നുള്ള വരുമാനംതന്നെ അവതാളത്തിലായിരിക്കെ പദ്ധതികളുടെ ഭാവിതന്നെ അനിശ്ചിതത്വത്തിലാവുകയാണ്. പുതിയ സെക്രട്ടറിയുടെ നിയമനം ഉടന്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വകുപ്പും ജീവനക്കാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.