കൊട്ടിക്കലാശം കഴിഞ്ഞു; അരീക്കാട് നാളെ ബൂത്തിലേക്ക്

കോഴിക്കോട്: മുന്‍ മേയര്‍ വി.കെ.സി. മമ്മദ് കോയ എം.എല്‍.എ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെതുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരീക്കാട് 41ാം വാര്‍ഡില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ്. പ്രചാരണം അവസാനിച്ച ബുധനാഴ്ച ഇരുമുന്നണികളും ബി.ജെ.പിയും ആവേശകരമായ കൊട്ടിക്കലാശം നടത്തി.  വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണത്തിനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. ഇടതുമുന്നണി പ്രവര്‍ത്തകര്‍ അരീക്കാട് അങ്ങാടി കേന്ദ്രീകരിച്ചും യു.ഡി.എഫ് ഉള്ളിലശ്ശേരിക്കുന്ന് ഭാഗവും ബി.ജെ.പി ആനറോഡ് ഭാഗവും കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം നടത്തിയത്.  മൊത്തം ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും മുന്‍ കൗണ്‍സിലറുമായ ടി. മൊയ്തീന്‍ കോയ സി.പി.എമ്മിന് വേണ്ടിയും എസ്.വി. സയ്യിദ് മുഹമ്മദ് ഷമീല്‍ യു.ഡി.എഫിനുവേണ്ടിയും അനില്‍കുമാര്‍ ബി.ജെ.പിക്കായും മത്സരിക്കുന്നു. വി.കെ.സി. മമ്മദ് കോയയോട് തോറ്റയാളാണ് മുഹമ്മദ് ഷമീല്‍.  മൊയ്തീന്‍ കോയയും അനില്‍കുമാറും പാര്‍ട്ടി ചിഹ്നത്തിലും ഷമീല്‍ കുട ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. പ്രധാന സ്ഥാനാര്‍ഥികളുടെ പേരിനോട് സാമ്യമുള്ള മൂന്നു പേരും മത്സരത്തിനുണ്ട്.  ഹെല്‍മെറ്റ് ചിഹ്നത്തില്‍ മൊയ്തീനും രണ്ട് വാളും പരിചയും ചിഹ്നത്തില്‍ മൊയ്തീന്‍ കോയയും ആന്‍റിന ചിഹ്നത്തില്‍ ഷലീലുമാണ് അപരന്മാരായുള്ളത്. ഒക്ടോബര്‍ 21ന് രാവിലെ ഏഴ് മുതല്‍ അഞ്ച് വരെയാണ് വോട്ടെടുപ്പ്. അഞ്ച് പോളിങ് സ്റ്റേഷനുകളിലായി 6072 വോട്ടര്‍മാരാണുള്ളത്.  അരീക്കാട് എ.എല്‍.പി സ്കൂളില്‍ നാലും നല്ലളം എ.യു.പി സ്കൂളില്‍ ഒരു ബൂത്തുമാണ് ഒരുക്കിയതെന്ന് വരണാധികാരി പി.പി. സാറാമ്മ പറഞ്ഞു.  202 വോട്ടിനാണ് 2015ലെ തെരഞ്ഞെടുപ്പില്‍ വി.കെ.സി. മമ്മദ് കോയ ജയിച്ചത്. അദ്ദേഹം ബേപ്പൂരില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചതോടെ മേയര്‍ സ്ഥാനവും കൗണ്‍സിലര്‍ പദവിയും ഒഴിയുകയായിരുന്നു. വി.കെ.സിക്ക് 1848ഉം മുഹമ്മദ് ഷമീലിന് 1646ഉം ബി.ജെ.പി സ്ഥാനാര്‍ഥി സംവിധായകന്‍ അലി അക്ബറിന് 396ഉം വെല്‍ഫെയര്‍ പാര്‍ട്ടിയുടെ എം. അബ്ദുല്‍ ഖയ്യൂമിന് 81ഉം വോട്ടാണ് കിട്ടിയത്.  തെരഞ്ഞെടുപ്പിന് പിറ്റേന്ന് ഒക്ടോബര്‍ 22ന് രാവിലെ 10ന് ടൗണ്‍ ഹാളിലാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.