മുക്കത്തെ ഗതാഗത പരിഷ്കരണം: രണ്ടാം ഘട്ടം അപാകതകള്‍ പരിഹരിക്കുമെന്ന് നഗരസഭ

മുക്കം: അങ്ങാടിയില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തില്‍ രണ്ടാം ഘട്ടം കൂടി നടപ്പാകുന്നതോടെ നിലവിലെ അപാകതകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുമെന്ന് നഗരസഭാ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ പലരും വ്യവസ്ഥകള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗതാഗത സംവിധാനം പൂര്‍ണതയില്‍ ആയിട്ടില്ല. വൈകാതെ നടപ്പാക്കുന്ന രണ്ടാം ഘട്ടം കര്‍ശന നിയമങ്ങളോടുകൂടിയാണ്. രണ്ടാം ഘട്ടത്തിനായി ആറ് ലക്ഷത്തിന്‍െറ പദ്ധതികള്‍ നടപ്പാക്കും. ഇതില്‍ അങ്ങാടിയുടെ പ്രധാനമായ ഏഴുഭാഗങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. എല്ലായിടങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടാതെ, ബൈപാസ് ജങ്ഷന്‍, അഭിലാഷ് ജങ്ഷന്‍, പി.സി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കും. പുതിയ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ പാര്‍ക്കിങ് കിഴക്കു ഭാഗത്തേക്ക് മാറ്റും. ഉന്തുവണ്ടി കച്ചവടക്കാര്‍ക്കായി പ്രത്യേക ഇടമൊരുക്കും. രണ്ടാംഘട്ടം നടപ്പായതിനുശേഷവും ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കി. ‘മാലിന്യമുക്ത മുക്കം -ശുചിത്വ ഭവനം -സുന്ദര നഗരം’ പദ്ധതിയില്‍ മാലിന്യം നീക്കം ചെയ്ത സംഭവത്തില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ല. പദ്ധതി പൂര്‍ണ വിജയമാണ്. മാലിന്യം കയറ്റി അയക്കുന്ന രണ്ടാം ഘട്ടവും വര്‍ഷാവസാനത്തോടെ നടപ്പാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ ഫരീദ മോയിന്‍കുട്ടി, കൗണ്‍സിലര്‍മാരായ പി. പ്രശോഭ് കുമാര്‍, എന്‍. ചന്ദ്രന്‍ മാസ്റ്റര്‍, ബ്രിജേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.