കൊടുവള്ളിയിലെ ഗുണ്ടാവിളയാട്ടം: ജനകീയവേദി കാമ്പയിന്‍ 21ന് ആരംഭിക്കും

കൊടുവള്ളി: കൊടുവള്ളിയില്‍ ഹവാല-മദ്യ-മയക്കുമരുന്ന് മാഫിയ ഗുണ്ടാവിളയാട്ടത്തിനെതിരെ ജനകീയവേദി നടത്തുന്ന ‘സാമൂഹിക തിന്മക്കെതിരെ ജനജാഗ്രത’ കാമ്പയിന്‍ ഈ മാസം 21ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലും പരിസരപ്രദേശത്തുനിന്നുമായി ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇതിന്‍െറ അവസാനത്തെ ഇരയാണ് രാരോത്ത് ചാലില്‍ ഇസ്മായില്‍. നിരവധിപേര്‍ ഇതിന്‍െറ യാതന അനുഭവിച്ചുവരികയുമാണ്. ഇസ്മായിലിന്‍െറ മരണം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഇത് മാഫിയ സംഘത്തിന് ശക്തിപകരുന്നതാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പ്രതികളെ പിടികൂടാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മദ്യ-മയക്കുമരുന്ന് ഉപയോഗം, ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചുള്ള ലഹരി വിപണനം, വിദ്യാഭ്യാസ-സാമ്പത്തികരംഗത്തെ അപചയം, കുടുംബ തകര്‍ച്ച എന്നിവക്കെതിരെ കാമ്പയിന്‍െറ ഭാഗമായി ബോധവത്കരണം സംഘടിപ്പിക്കും. നഗരസഭാ പരിധിയില്‍ ജാഗ്രതാ സദസ്സ്, ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, സന്ദേശയാത്ര, ടേബ്ള്‍ ടോക് തുടങ്ങിയവ സംഘടിപ്പിക്കും. മത-രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക രംഗത്തുള്ളവര്‍, ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി-തൊഴിലാളി-മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിന്‍. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് ഓപണ്‍ സ്റ്റേജ് പരിസരത്ത് ഉദ്ഘാടനം നടക്കും. തുടര്‍ന്ന് സായാഹ്ന ധര്‍ണയും നടത്തും. കാമ്പയിന്‍െറ സമാപനം 2017 ജനുവരി ഒന്നിന് നടക്കും. നന്മയില്‍ ഒത്തുചേരാം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് അന്ന് മനുഷ്യസുരക്ഷാ മതില്‍ തീര്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എ.പി. മജീദ്, വൈസ് ചെയര്‍മാന്‍ കോതൂര്‍ മുഹമ്മദ്, കണ്‍വീനര്‍മാരായ സലിം അണ്ടോണ, കെ. അസ്സയിന്‍, ടി.കെ. മുഹമ്മദ്, അബു കല്ലിടുക്കില്‍, സദാശിവന്‍, സി.എം. ഗോപാലന്‍, എന്‍.പി. അഹമ്മദ്കുഞ്ഞി, അഡ്വ. വേളാട് അഹമ്മദ്, കെ.കെ. ഖാദര്‍, ശംസുദ്ദീന്‍, ആര്‍.സി. റസാഖ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.