കൈ കഴുകല്‍ ചെറിയ കാര്യമല്ല

കോഴിക്കോട്: ആഗോള കൈ കഴുകല്‍ ദിനാചരണത്തിന്‍െറ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യൂനിസെഫ് കടപ്പുറത്ത് മണല്‍ ശില്‍പമൊരുക്കി. സോപ്പുപയോഗിച്ച് കൈ കഴുകുക എന്ന സന്ദേശമുയര്‍ത്തിയായിരുന്നു മണല്‍ ശില്‍പം. കൈ കഴുകല്‍ ശീലമാക്കുക എന്നതാണ് ദിനാചരണത്തിന്‍െറ ഇത്തവണത്തെ വിഷയം. സോപ്പുപയോഗിച്ച് കൈ കഴുകുന്നത് രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരെയുള്ള ഏറ്റവും ഫലപ്രദവും ചെലവുകുറഞ്ഞതുമായ പ്രതിരോധമാര്‍ഗമാണെന്ന് യൂനിസെഫ് കേരള, തമിഴ്നാട് വിഭാഗം മേധാവി ജോബ് സഖറിയ പറഞ്ഞു. വൃത്തിയാക്കാത്ത ഒരു കൈപ്പത്തിയില്‍ മാത്രം ഒരുകോടി വൈറസുകളും ബാക്ടീരിയകളുമുണ്ട്. ഇവ ഉള്ളില്‍ ചെല്ലുമ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് പല അസുഖങ്ങളും പോഷകാഹാരക്കുറവും ഉണ്ടാകുന്നത്. കൈപ്പത്തിയില്‍ ഒരു കോടി ബാക്ടീരിയകളും രോഗാണുക്കളുമുണ്ടാകും. സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ കുട്ടികളില്‍ വയറിളക്കം 40 ശതമാനവും ന്യൂമോണിയ പോലുള്ള ശ്വാസകോശ അണുബാധരോഗങ്ങള്‍ 30 ശതമാനവും കുറക്കാനാകും. ടൈഫോയിഡ്, വിരശല്യം, മഞ്ഞപ്പിത്തം, എബോള, പന്നിപ്പനി, ത്വക്കിലും കണ്ണിലുമുള്ള അണുബാധ എന്നിവയും സോപ്പിട്ട് കൈകഴുകുന്നതിലൂടെ തടയാനാവും. അമ്മമാരും പ്രസവമെടുക്കുന്നവരും സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ നവജാത ശിശുമരണ നിരക്ക് 41 ശതമാനം കുറക്കാനാകുമെന്ന് പഠനം വ്യക്തമാക്കുന്നു. സോപ്പുപയോഗിച്ച് കൈകഴുകല്‍ ശീലമാക്കിയാല്‍ രോഗംമൂലം കുട്ടികളുടെ പഠനം തടസ്സപ്പെടുന്നത് കുറയും. വിദ്യാലയങ്ങളില്‍ ഹാജര്‍ കൂടാന്‍ ഇത് കാരണമാകും. രോഗംമൂലം ജോലി നഷ്ടപ്പെടുന്ന ദിവസങ്ങള്‍ കുറയുമെന്നതിനാല്‍ ഉല്‍പാദനം, ഉല്‍പാദനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും സോപ്പുപയോഗിച്ച് കൈകഴുകുന്നത് സഹായിക്കും. കേരള ചൈല്‍ഡ് റൈറ്റ്സ് ഒബ്സര്‍വേറ്ററിയുടെ സഹായത്തോടെ തയാറാക്കിയ മണല്‍ ശില്‍പനിര്‍മാണത്തിന് ടി. അഖിലേഷ് നേതൃത്വം നല്‍കി. കോഴിക്കോട് ഹോളി ക്രോസ് കോളജ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.