അന്‍സിലക്ക് കൈത്താങ്ങായി സഹപാഠികള്‍

കുന്ദമംഗലം: അന്‍സിലക്ക് സഹായഹസ്തവുമായി സഹപാഠികള്‍ കൈകോര്‍ത്തു. മടവൂര്‍ ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് വണ്‍ ക്ളാസില്‍ പഠിക്കുന്ന അന്‍സിലക്കാണ് കുട്ടികള്‍ ചികിത്സാ സഹായം സ്വരൂപിച്ചത്. പഠിക്കാന്‍ മിടുക്കിയായ ഈ കുട്ടി ഇതേ സ്കൂളില്‍ പത്താം ക്ളാസില്‍നിന്ന് എല്ലാ വിഷയത്തിലും എ പ്ളസ് നേടി പ്രതീക്ഷയോടെയാണ് പ്ളസ് വണ്‍ സയന്‍സിന് ചേര്‍ന്നത്. ക്ളാസ് തുടങ്ങി മൂന്നുമാസം കഴിഞ്ഞപ്പോഴാണ് താന്‍ രക്താര്‍ബുദ രോഗിയാണെന്ന കാര്യം മനസ്സിലായത്. ഇതോടെ ചക്കാലക്കല്‍ മടത്തുംപറമ്പത്ത് ഹുസൈനും കുടുംബവും തളരുകയായിരുന്നു. കൂലിപ്പണി ചെയ്ത് ജീവിതം നയിക്കുന്ന ഹുസൈന് മകളുടെ രോഗവിവരം ഇരുട്ടടിയായി. ഉദാരമതികളുടെ സഹായംകൊണ്ട് തിരുവനന്തപുരം ആര്‍.സി.സിയില്‍ ഇപ്പോള്‍ മകളെ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍ധന കുടുംബാംഗമായ അന്‍സിലയെ സഹായിക്കുന്നതിന് സ്കൂളിലെ സഹപാഠികളും അധ്യാപകരും തീരുമാനിക്കുകയായിരുന്നു. അന്‍സിലക്ക് നല്‍കാന്‍ 2,55,000 രൂപ അവര്‍ പിരിച്ചെടുത്തു. സ്കൂള്‍ അസംബ്ളിയില്‍ ഹെഡ്മാസ്റ്റര്‍ രാജേന്ദ്രകുമാര്‍ പി.ടി.എ പ്രസിഡന്‍റ് കെ.എം. അബൂബക്കറിന് ഫണ്ട് കൈമാറി. മടവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം നസ്തര്‍, പി.ടി.എ വൈസ് പ്രസിഡന്‍റ് വി. വിജയന്‍, പി. അബ്ദുറസാഖ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ നവീനാക്ഷന്‍, രവീന്ദ്രന്‍ കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.